wpl

ദുബായ് : ഇന്നലെ നടന്ന വനിതാ പ്രിമിയർ ലീഗ് താരലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചതാരമായി പഞ്ചാബിന്റെ പേസർ കാശ്‌വീ ഗൗതം. രണ്ട് കോടി രൂപയ്ക്ക് ഗുജറാത്ത് ജയന്റ്സാണ് കാശ്‌വീയെ സ്വന്തമാക്കിയത്. ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ലാത്ത 20കാരിയായ കാശ്‌വീ അടിസ്ഥാന വിലയായ 10 ലക്ഷത്തിൽ നിന്നാണ് രണ്ടുകോടിയിലേക്കുയർന്ന് ലേല താരമായത്. ഓസ്ട്രേലിയക്കാരിയായ അന്നബെൽ സതർലാൻഡാണ് ഏറ്റവും ഉയർന്ന വില ലഭിച്ച വിദേശ താരം. ഡൽഹി ക്യാപ്പിറ്റൽസാണ് സതർലാൻഡിനെ വാങ്ങിയത്. ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത മറ്റൊരു ഇന്ത്യൻ താരം വൃന്ദ ദിനേഷിനെ 1.3 കോടിക്ക് യു.പി വാരിയേഴ്സ് സ്വന്തമാക്കി. അതേസമയം ശ്രീലങ്കൻ ക്യാപ്ടൻ ചമരി അട്ടപ്പട്ടുവിനെ ലേലത്തിൽ വാങ്ങാൻ ഒരു ടീമും തയ്യാറായില്ല.

ലേല താരങ്ങൾ

കാശ്‌വീ ഗൗതം -ഗുജറാത്ത് ജയന്റ്സ് -2 കോടി

അന്നബെൽ സതർലാൻഡ്- ഡൽഹി ക്യാപ്പിറ്റൽസ് -2 കോടി

വൃന്ദ ദിനേഷ് - യു.പി വാരിയേഴ്സ്- 1.3 കോടി

ഷബ്നിം ഇസ്മയിൽ - മുംബയ് ഇന്ത്യൻസ് -1.2 കോടി

ഫോബ് ലിച്ച്ഫീൽഡ് - ഗുജറാത്ത് ജയന്റ്സ് -1 കോടി

വേദ കൃഷ്ണമൂർത്തി - ഗുജറാത്ത് ജയന്റ്സ് - 30 ലക്ഷം

എസ്.മേഘ്ന - ആർ.സി.ബി - 30 ലക്ഷം

ഗൗഹർ സുൽത്താന - യു.പി വാരിയേഴ്സ്- - 30 ലക്ഷം

അഭിമാനമായി സജന

15 ലക്ഷം രൂപയ്ക്ക് മലയാളി താരം മുംബയ് ഇന്ത്യൻസിൽ

ഇന്നലെ നടന്ന താരലേലത്തിൽ കേരളത്തിന് അഭിമാനമായി വയനാട്ടുകാരി സജന എസ്. 28കാരിയായ ഈ ആൾറൗണ്ടറെ 15 ലക്ഷം രൂപയ്ക്ക് മുംബയ് ഇന്ത്യൻസാണ് സ്വന്തമാക്കിയത്. ഇതോടെ വനിതാ പ്രിമിയർ ലീഗിൽ അവസരം ലഭിക്കുന്ന രണ്ടാമത്തെ വയനാടുകാരിയായി സജന മാറി. ഇന്ത്യൻ താരമായ മിന്നുമണി ഡൽഹി ക്യാപ്പിറ്റൽസ് ടീമിലുണ്ട്. മന്നിമണിയെപ്പോലെ മാനന്തവാടിയാണ് സജനയുടെയും സ്വദേശം. വലംകൈ ബാറ്ററും ഓഫ് ബ്രേക്ക് ബൗളറുമാണ്. വിവിധ ഏജ് ഗ്രൂപ്പുകളിലായി 2013 മുതൽ കേരളത്തിനായി കളിക്കുന്ന താരമാണ്.