gaza

ഗാസ: ഇസ്രയേൽ-ഹമാസ് പോരാട്ടം ഇപ്പോൾ രണ്ട് മാസം പിന്നിട്ടിരിക്കുകയാണ്. ഇസ്രയേലിനെതിരായ യുദ്ധത്തിൽ ഗാസയിലെ സ്‌കൂളുകൾ പോലും ഹമാസ് ഉപയോഗിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഷൂജ ഇയ മേഖലയിലെ ഒരു സ്‌കൂളിൽ ഹമാസുമായി ഇസ്രയേൽ സൈന്യം ഏറ്റുമുട്ടൽ നടത്തിയിരുന്നു. ഹമാസ് പ്രവർത്തകരെ വധിച്ച ശേഷം സ്ഥലത്ത് പരിശോധിച്ച ഇസ്രയേൽ സൈന്യം ഞെട്ടിക്കുന്ന കാഴ്‌ചയാണ് കണ്ടത്. കൊച്ചുകുട്ടികൾക്ക് കളിക്കാനുള്ള ടെഡി ബെയർ പാവയ്‌ക്കുള്ളിൽ സ്‌നൈപ്പർ റൈഫിളും വെടിക്കോപ്പും കണ്ടെത്തി.

മറ്റൊരു സ്‌കൂളിൽ ക്ളാസ്‌റൂമിൽ ഒളിപ്പിച്ച നിലയിൽ നിരവധി ആയുധങ്ങൾ ഇസ്രയേലി പ്രതിരോധ സേന(ഐ.ഡി.എഫ്)യ്‌ക്ക് ലഭിച്ചു. ചില ആയുധങ്ങളാകട്ടെ പാലസ്‌തീനിയൻ അഭയാർത്ഥികൾക്കുള്ള മുദ്രവച്ച ബാഗുകളിലാണ് കണ്ടെത്തിയത്. ഇത് ഇത്തരം സംവിധാനങ്ങളെയും കുട്ടികളെയും ഹമാസ് ഇസ്രയേലിനെതിരായ പോരാട്ടത്തിന് മനപൂർവ്വം ഉപയോഗിക്കുന്നു എന്നതിന് തെളിവാണെന്ന് ഇസ്രയേലി പ്രതിരോധ സേന പറയുന്നു. കുട്ടികളുടെ കളിസ്ഥലത്തും ബാക്‌പാക്കിലും കിടക്കയുടെ അടിയിലും വരെ ആയുധങ്ങൾ ഉണ്ടായിരുന്നു.

ഇവയ്‌ക്ക് പുറമേ എകെ-47 തോക്കുകൾ, ഗ്രനേഡ്, മറ്റ്‌തരം ആയുധങ്ങൾ എന്നിവയും സ്‌കൂളുകളിൽ നിന്ന് ലഭിച്ചു. തെക്കൻ ഗാസയിലേക്ക് നീങ്ങണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ട ഇടങ്ങളിലടക്കം ഇസ്രയേൽ കനത്ത ബോംബിംഗാണ് നടത്തുന്നത്. ഗാസയിൽ ഉടനടി വെടിനിർത്തണം എന്ന ഐക്യരാഷ്‌ട്രസഭയുടെ പ്രമേയം അമേരിക്ക വീറ്റോ ചെയ്‌തതിന് പിന്നാലെയാണ് കനത്ത ആക്രമണം ഉണ്ടായത്. 15 അംഗ കൗൺസിലിൽ 13-1 ആയിരുന്നു പ്രമേയത്തിന് ലഭിച്ച വോട്ട്. യുകെ വിട്ടുനിന്നു.

കനത്ത ആക്രമണം നടക്കുന്ന ഗാസയിൽ മാനുഷിക സഹായം നൽകുന്നത് തകർച്ചയുടെ ഘട്ടത്തിലാണെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെരെസ് അറിയിച്ചു. വായു, കര, കടൽ എന്നീ ഭാഗങ്ങളിലൂടെ ഗാസയിൽ കനത്ത ആക്രമണമാണ് നടക്കുന്നത്. ഇതുവരെ 17,400 പാലസ്തീൻകാരാണ് മരണമടഞ്ഞത്. ഇതിൽ ബഹുഭൂരിപക്ഷവും സ്‌ത്രീകളും കുട്ടികളുമാണ്.