h

പാലക്കാട് : നവകേരള സദസിനെ വിമർശിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖിനെതിരെയാണ് കലാപാഹ്വാനത്തിന് തൃത്താല പൊലീസ് കേസെടുത്തത്. സി.പി.എം ,​ ഡി.വൈ.എഫ്.ഐ നേതാക്കളുടെ പരാതിയിലാണ് കേസ്.


പോക്കറ്റടിക്കാരെയും കള്ളൻമാരെയും ആകാംക്ഷയോടെ കാണാൻ ജനം കൂടുന്നത് സ്വാഭാവികമാണെന്ന കുറിപ്പോടെ ആലിബാബയും 41 കള്ളൻമാരും എന്ന് ആലേഖനം ചെയ്ത ഒരു ചിത്രം സഹിതമാണ് ഫാറൂക്ക് ഫേസ്‌ബുക്ക് പോസ്റ്റിട്ടത്.നവംബർ 19ലെ ഈ പോസ്റ്റിനെതിരെ സി.പി.എം പ്രവർത്തകർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തതെന്ന് ഫാറൂക്ക് പറയുന്നു.

പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് സമീപനമാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും സർക്കാരിന്റെ കൊള്ളരുതായ്‌മകളെ വിമർശിച്ചാൽ കേസിൽ കുടുക്കുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു എത്ര കേസ് എടുത്താലും ഇനിയും പ്രതിഷേധിക്കുമെന്നും ഫാറൂക്ക് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബോധപൂർവ്വം കള്ളൻമാരായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് സി.പി.എം നേതാക്കൾ പരാതിയിൽ പറയുന്നത്.