gaza-war

ടെൽ അവീവ് : സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ് നേരിട്ട് രംഗത്തെത്തിയിട്ടും ഗാസയിൽ വെടിനിറുത്തലിനായി യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം യു.എസ് വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടു. 15 അംഗ സമിതിയിൽ 13 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ബ്രിട്ടൻ വിട്ടുനിന്നു. വെടിനിറുത്തൽ ഹമാസിന് ഗുണം ചെയ്യുമെന്നും ഇസ്രയേലിൽ ഒക്ടോബർ 7ന് നടന്ന ആക്രമണം ആവർത്തിക്കുമെന്നും കാട്ടിയാണ് യു.എസിന്റെ നീക്കം.

ഉടനടിയുള്ള വെടിനിറുത്തൽ അടുത്ത യുദ്ധത്തിനുള്ള വിത്ത് വിതയ്ക്കുമെന്നും ശാശ്വതമായ സമാധാനമോ ദ്വിരാഷ്ട്ര പരിഹാരമോ ഹമാസ് ആഗ്രഹിക്കുന്നില്ലെന്നും യു.എസ് പറയുന്നു. ഗാസ ദുരന്തത്തിലേക്ക് നീങ്ങുമ്പോൾ യു.എൻ രക്ഷാസമിതി അംഗങ്ങളുടെ അടിയന്തര ഇടപെടൽ വേണമെന്ന് ഗുട്ടറെസ് ആവശ്യപ്പെട്ടിരുന്നു.

പിന്നാലെ യു.എ.ഇ അടിയന്തര പ്രമേയം സമർപ്പിച്ചു. പ്രമേയത്തെ അനുകൂലിക്കാൻ ഇസ്രയേലിന്റെ സഖ്യകക്ഷിയായ യു.എസിന് മേൽ ശക്തമായ സമ്മർദ്ദമുണ്ടായിരുന്നു. യു.എസ് നടപടിക്കെതിരെ പാലസ്തീനിയൻ അതോറിറ്റിയും അറബ് രാജ്യങ്ങളും രംഗത്തെത്തി.

അതേസമയം, ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ ആവശ്യപ്പെടുമ്പോഴും ഗാസയിലുടനീളം ബോംബാക്രമണത്തിന്റെ ശക്തി ഇസ്രയേൽ ഇരട്ടിയാക്കി. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലും റാഫയിലും വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. മദ്ധ്യഗാസയിൽ 20ലേറെ പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ 17,480ലേറെ സാധാരണക്കാർക്ക് ജീവൻ നഷ്ടമായി.

ഗാസയിലെ ബോംബാക്രമണം തടയാൻ നമുക്കാവുന്നില്ലെങ്കിൽ, എന്ത് സന്ദേശമാണ് നാം പാലസ്തീൻ ജനതയ്ക്ക് നൽകുന്നത്

- മുഹമ്മദ് അബുഷാഹദ്, യു.എൻ പ്രതിനിധി, യു.എ.ഇ

 പശ്ചിമേഷ്യയിലെ സ്ഥിതി പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്

- ഹൊസൈൻ അമീർ - അബ്ദൊള്ളഹയാൻ, വിദേശകാര്യ മന്ത്രി, ഇറാൻ