
മുംബയ് : ഇംഗ്ളണ്ട് വനിതകൾക്ക് എതിരായ രണ്ടാം ട്വന്റി-20 മത്സരത്തിലും തോറ്റ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് മൂന്ന് മത്സര പരമ്പരയും നഷ്ടമായി. ഇന്നലെ മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ16.2 ഓവറിൽ 80 റൺസിന് ആൾഒൗട്ടായി. മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് 11.2 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 30 റൺസെടുത്ത ജമീമ റോഡ്രിഗസും 10 റൺസെടുത്ത സ്മൃതി മന്ദാനയും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ചാർളി ഡീനും ലോറൻ ബെല്ളും സാറ ഗ്ളെന്നും സോഫീ എക്ലസ്റ്റണും ചേർന്നാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ ചുരുട്ടിക്കളഞ്ഞത്.
മത്സരത്തിന്റെ രണ്ടാം പന്തിൽതന്നെ ഷെഫാലി വെർമ്മയെ ഡക്കാക്കി ചാർളി ഡീനാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. തുടർന്ന് തുരുതുരാ വിക്കറ്റുകൾ പൊഴിയുകയായിരുന്നു. നാലാം ഓവറിൽ സ്മൃതിയെയും ഡീൻ പുറത്താക്കി. ഹർമൻപ്രീത് കൗർ(9),ദീപ്തി ശർമ്മ(0), റിച്ച ഘോഷ് (4) എന്നിവർ പുറത്തായതോടെ ഇന്ത്യ 34/5 എന്ന നിലയിലായി. 45 റൺസിലെത്തിയപ്പോൾ പൂജാ വസ്ത്രാകറിനെയും നഷ്ടമായി. 67 റൺസിലെത്തിയപ്പോഴാണ് ജമീമ പുറത്തായത്.