
ദുബായ് : 67 രാജ്യങ്ങൾ ഉൾപ്പെടുന്ന ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇന്റക്സിൽ (സി.സി.പി.ഐ) ഏഴാം സ്ഥാനത്തെത്തി ഇന്ത്യ. ദുബായിൽ തുടരുന്ന ഐക്യരാഷ്‌ട്ര സഭയുടെ 'കോപ് 28' കാലാവസ്ഥാ ഉച്ചകോടിയിലാണ് പട്ടിക പുറത്തുവിട്ടത്.
ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിന്റെ 90 ശതമാനവും ഉൾക്കൊള്ളുന്ന 63 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും കാലാവസ്ഥാ വ്യതിയാന ലഘൂകരണ ശ്രമങ്ങളെ വിലയിരുത്തുന്നതാണ് സി.സി.പി.ഐ.
കഴിഞ്ഞ വർഷം പട്ടികയിൽ 8ാമതായിരുന്നു ഇന്ത്യ. ഡെൻമാർക്ക്, എസ്റ്റോണിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിൽ. പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് ഒരു രാജ്യത്തിനും എത്താനായിട്ടില്ല. 2014ൽ 31ാം റാങ്കിലായിരുന്നു ഇന്ത്യ. തുടർച്ചയായ കഴിഞ്ഞ അഞ്ച് വർഷവും ആദ്യ പത്തിൽ ഇന്ത്യ ഇടംനേടി.
ജനസംഖ്യയിൽ മുന്നിലുള്ള ഇന്ത്യയിൽ വാർഷിക കാർബൺ ബഹിർഗമനം ജനസംഖ്യ കുറവുള്ള മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് താഴെയാണ്. കൂടാതെ, പുനരുപയോഗ ഊർജ്ജം അടക്കം വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ തുടരുന്നു. യു.കെ ( 20 ), പാകിസ്ഥാൻ ( 30 ), ചൈന ( 51 ), യു.എസ് ( 57 ), കാനഡ ( 62 ), റഷ്യ ( 63 ), യു.എ.ഇ ( 65 ) എന്നിങ്ങനെയാണ് മറ്റ് സ്ഥാനങ്ങൾ. സൗദി അറേബ്യയാണ് പട്ടികയിലെ അവസാന രാജ്യം.