
തിരുവനന്തപുരം: കോവളം മുതൽ ബേക്കൽ വരെയുള്ള പശ്ചിമതീര പാതയുടെ ഭാഗമായി 1275 കുടുംബങ്ങളെ പുനരധിവസിപ്പിക്കും. കോവളം മുതൽ വർക്കല വരെയുള്ള പ്രദേശത്തെ കുടുംബങ്ങളെയാണ് ഇത്തരത്തിൽ പുനരധിവസിപ്പിക്കുക.ഇതിനായി 247.2 കോടിയാണ് സർക്കാർ ചെലവിടുക.കിഫ്ബി വഴിയാണ് തുക കണ്ടെത്തുക. ജില്ലയിലാകെ 1470 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്.ഇതിൽ 1275 കുടുംബാംഗങ്ങളും കോവളം വർക്കല പ്രദേശത്താണ്.ജില്ലയിൽ പദ്ധതി നടപ്പാക്കുന്നതിനായി ആകെ 427 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
വർക്കല, കഠിനംകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പുനരധിവാസത്തിനായി 10 ലക്ഷം രൂപാവീതമാണ് ചെലവിടുക.പുനരധിവസിപ്പിക്കുന്ന കുടുംബംഗങ്ങൾക്ക് വാടക അടക്കം നൽകുന്നതിനായി 14.8 കോടിയാണ് കണക്കാക്കിയിരിക്കുന്നത്.ഈ ഭാഗത്തുള്ള 39 കടകൾക്കായി 19.5 ലക്ഷമാണ് ചെലവിടുക.79.57 കോടിയാണ് കെട്ടിടങ്ങളുടെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.വർക്കലയിൽ പുനർഗേഹം പദ്ധതി പ്രകാരം 60 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ആറ് കോടി രൂപ ഫിഷറീസ് വകുപ്പിന് അനുവദിച്ചു.7.63 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. കേരള നിർമ്മിതി കേന്ദ്രയാണ് പുനരധിവാസം നടപ്പാക്കുക.ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കുന്നതുവരെ വാടക ഇനത്തിൽ 5000 രൂപ ആറ് മാസത്തേക്ക് അനുവദിക്കും.വർക്കല ടി.എസ് കനാലിന്റെയും വെട്ടൂർ ഗ്രാമപഞ്ചായത്തിന്റെയും തീരങ്ങൾ കൈയേറി താമസിക്കുന്നവരെ ലൈഫ് മിഷൻ പദ്ധതിയിലൂടെയാണ് പുനരധിവസിപ്പിക്കുക.
കോവളത്തിനും ആക്കുളത്തിനുമിടയിലെ 10 കിലോമീറ്ററിനുള്ളിൽ 942 കുടുംബങ്ങളെയും പുത്തൻതോപ്പിൽ രണ്ട് കിലോമീറ്ററിനുള്ളിൽ 116 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കണം.ഒരു കിലോമീറ്റർ ദൂരത്തിലുള്ള വർക്കല തുരപ്പിനടുത്ത് 27 കുടുംബങ്ങളെയും വർക്കലയ്ക്കും നടയറ കായലിനുമിടയിൽ 385 കുടുംബങ്ങളെയും പുനരധിവസിപ്പിക്കേണ്ടി വരുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.ഭൂരിഭാഗം പ്രദേശങ്ങളിലും കനാൽ ഭൂമി കൈയേറിയിട്ടുണ്ട്. ഇവ തിരിച്ചുപിടിക്കുന്നതിന് കൂടിയാണ് പുനരധിവാസ പാക്കേജ് കൊണ്ടുവന്നത്.പുത്തൻതോപ്പ് മുതൽ വർക്കല ചിലക്കൂർ വരെയുള്ള 143 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ പുനരധിവസിപ്പിക്കുക.