pic

ബ്രസൽസ് : യൂറോപ്യൻ യൂണിയന്റെ ഏറ്റവും വലിയ മനുഷ്യാവകാശ പുരസ്കാരമായ സഖറോവ് പ്രൈസ് ഏറ്റുവാങ്ങാനായി ഫ്രാൻസിലേക്ക് പോകുന്നതിന് കുർദ്ദിഷ് യുവതി മഹ്സ അമിനിയുടെ കുടുംബത്തിന് വിലക്കേർപ്പെടുത്തി ഇറാൻ ഭരണകൂടം. ഒക്ടോബറിലാണ് മരണാനന്തര അംഗീകാരമായി മഹ്സയ്ക്ക് സഖറോവ് പ്രൈസ് പ്രഖ്യാപിച്ചത്. പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുക്കാൻ വിമാന മാർഗ്ഗം ഫ്രാൻസിലെത്താനുള്ള അവസാനഘട്ട തയാറെടുപ്പിലായിരുന്നു മഹ്സയുടെ കുടുംബം. മഹ്സയുടെ മാതാപിതാക്കളും സഹോദരനും ഇന്നലെ വിമാനത്താവളത്തിലെത്തിയെങ്കിലും അധികൃതർ യാത്ര തടഞ്ഞു. മൂവരുടെയും പാസ്പോർട്ട് പിടിച്ചെടുത്തെന്നും അഭിഭാഷകൻ അറിയിച്ചു. വിസയുണ്ടായിട്ടും ഇവരെ രാജ്യംവിടുന്നതിൽ നിന്ന് വിലക്കിയെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഇറാൻ തീരുമാനം പിൻവലിക്കണമെന്ന് യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്സോല ആവശ്യപ്പെട്ടു. ചൊവ്വാഴ്ച സ്ട്രാസ്ബർഗിലെ യൂറോപ്യൻ പാർലമെന്റിൽ വച്ചാണ് പുരസ്കാര ദാനച്ചടങ്ങ് നിശ്ചയിച്ചിരുന്നത്. ഇറാനിൽ വൻ ജനകീയ പ്രതിഷേധങ്ങൾക്ക് വഴിവച്ചതാണ് 22കാരിയായ മഹ്‌സയുടെ മരണം. ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സദാചാര പൊലീസിന്റെ അറസ്റ്റിലായ മഹ്സയ്ക്ക് കസ്റ്റഡിയിലിരിക്കെ തലയ്‌ക്ക് ക്ഷതമേറ്റു. അബോധാവസ്ഥയിലായ മഹ്സ,​ ചികിത്സയിലിരിക്ക കഴിഞ്ഞ വർഷം സെപ്തംബർ 16നാണ് മരിച്ചത്. കസ്റ്റഡിയിൽ വച്ച് തലയ്ക്കേറ്റ മർദ്ദനമാണ് മരണകാരണമെന്ന് ആരോപണമുയർന്നിരുന്നു. പിന്നാലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി രാജ്യത്തെ ഭരണകൂടത്തിനെതിരെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ശിരോവസ്ത്രം ധരിച്ചിരിക്കണമെന്ന നിബന്ധന ലംഘിക്കുന്ന സ്ത്രീകൾക്ക് കർശന ശിക്ഷയായിരുന്നു രാജ്യത്ത് നൽകിയിരുന്നത്. പ്രക്ഷോഭങ്ങൾക്കിടെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 500ലേറെ പേർ കൊല്ലപ്പെടുകയും 20,000ത്തിലേറെ പേർ അറസ്റ്റിലാവുകയും ചെയ്തു. അന്താരാഷ്ട്ര വിമർശനങ്ങളുണ്ടായിട്ടും രാജ്യത്തെ നിർബന്ധിത ഹിജാബ് നിയമം ഇറാൻ ഭരണകൂടം കർശനമായി തുടരുകയാണ്. മനുഷ്യാവകാശങ്ങൾക്കും ചിന്താ സ്വാതന്ത്ര്യങ്ങൾക്കും വേണ്ടി പോരാടുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതാണ് സഖറോവ് പ്രൈസ്. സോവിയറ്റ് ശാസ്ത്രജ്ഞനും സമാധാന നോബൽ ജേതാവുമായ ആൻഡ്രെ സഖറോവിന്റെ പേരിലുള്ളതാണ് സഖറോവ് പ്രൈസ്.