
ടെൽ അവീവ് : വ്യോമാക്രമണങ്ങളിലൂടെ ഇസ്രയേൽ നാശം വിതയ്ക്കുന്ന ഗാസയിൽ പകുതിയോളം ജനങ്ങൾ പട്ടിണിയിലെന്ന് യു.എൻ മുന്നറിയിപ്പ്. മതിയായ ആഹാരം ലഭിക്കാതെ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നത്.
ഒരു നുള്ള് പാൽപ്പൊടി അമിതമായി വെള്ളത്തിൽ ലയിപ്പിച്ച് കുഞ്ഞുങ്ങൾക്ക് നൽകേണ്ട അവസ്ഥയിലാണ് മാതാപിതാക്കൾ. ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം മാത്രം കഴിച്ച് ജീവിക്കുന്ന കുഞ്ഞുങ്ങളും അഭയാർത്ഥി ക്യാമ്പിലെ വേദനിപ്പിക്കുന്ന കാഴ്ചയാണ്.
ഗാസയിൽ കഴിഞ്ഞ നാല് ദിവസമായി പരിമിതമായ സഹായ വിതരണങ്ങൾ ലഭിച്ച ഒരേയൊരു പ്രദേശം റാഫയാണ്. എന്നാൽ ഇവിടെയും എല്ലാവർക്കും വേണ്ടത്ര ഭക്ഷണം ഇപ്പോഴുമില്ല. കുട്ടികൾ രോഗബാധിതരായി വീഴുന്ന സംഭവങ്ങൾ പതിവായതായി മാതാപിതാക്കൾ പറഞ്ഞു. മക്കൾക്ക് ഒരു നേരത്തെ റൊട്ടി കണ്ടെത്താനായാൽ അത് സ്വർണം കിട്ടിയതുപോലെയാകുമെന്ന് ഇവർ പറയുന്നു.
ക്യാമ്പുകളിൽ ഭക്ഷണം പാകം ചെയ്യാനും കടുത്ത ബുദ്ധിമുട്ടാണ്. മതിയായ ഇന്ധനവും ഭക്ഷ്യവസ്തുക്കളും ലഭിക്കാത്തതാണ് കാരണം. യുദ്ധം ആരംഭിച്ചനാൾ മുതൽ ഭക്ഷ്യക്ഷാമം ഗാസയെ തളർത്തുന്നുണ്ടെങ്കിലും താത്കാലിക വെടിനിറുത്തലിനിടെ അല്പം ആശ്വാസം ലഭിച്ചിരുന്നു. ഈജിപ്റ്റിൽ നിന്ന് കൂടുതൽ സഹായ ട്രക്കുകളെ കടത്തിവിട്ടിരുന്നു. എന്നാൽ, വെടിനിറുത്തൽ അവസാനിപ്പിച്ചതോടെ സഹായം ഏറെക്കുറെ നിലച്ച അവസ്ഥയാണ്.
ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവത്തിനിടെ രോഗങ്ങൾ വ്യാപിക്കുന്നതും വെല്ലുവിളിയാണ്. കോളറയടക്കമുള്ള പകർച്ചവ്യാധികൾ സ്ഫോടനാത്മകമായ തരത്തിൽ പടരുമെന്ന ആശങ്ക ലോകാരോഗ്യ സംഘടന പങ്കുവയ്ക്കുന്നു. ചികിത്സയ്ക്ക് ആശുപത്രികളോ മരുന്നോ ലഭിക്കുന്നില്ലെന്നത് മറ്റൊരു യാഥാർത്ഥ്യവും. നിലവിൽ തെക്കൻ ഗാസയിലെ ആശുപത്രികളെല്ലാം പരിക്കേറ്റവരാൽ നിറഞ്ഞുകവിഞ്ഞു. ഇതുവരെ 17,400ലേറെ സാധാരണക്കാരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 50,000ത്തോളം പേർക്ക് പരിക്കേറ്റു.