
ലണ്ടൻ: ബ്രിട്ടണിലുടനീളം പടർന്നുപിടിക്കുന്ന 100 ഡേ കഫ് രോഗത്തിനെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ദ്ധർ. പുതിയ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്യുന്നതിൽ 250 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി. ജലദോഷത്തിന് സാമ്യമുളള ലക്ഷണങ്ങളോടെയാണ് 100 ഡേ കഫ് മനുഷ്യരിൽ പിടിപെടുന്നത്.
മൂന്ന് മാസം വരെ നീണ്ടുനിൽക്കുന്ന കടുത്ത ചുമയ്ക്ക് ഇത് വഴി വയ്ക്കാം. നൂറ് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ ഹെർണിയ,ചെവി അണുബാധ,മൂത്രാശയ രോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകും.ഈ വർഷം ജൂലായ് മുതൽ നവംബർ മാസം വരെ 716 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ബ്രിട്ടണിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. ഇത് കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയാണെന്നും പറയുന്നു.
കൊവിഡ് മഹാമാരിയുടെ സമയത്ത് കർശന ലോക്ക്ഡൗണുകളും സാമൂഹിക അകലവും പാലിച്ചതിനെ തുടർന്ന് അണുബാധകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു.എന്നാൽ രാജ്യത്ത് ലോക്ക്ഡൗൺ പിൻവലിച്ചതോടെ അണുബാധ വർദ്ധിച്ചുവെന്ന് ബ്രിട്ടൺ ഹെൽത്ത് ഏജൻസിയിലെ പബ്ലിക് ഹെൽത്ത് പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഗായത്രി അമൃതലിംഗം മാദ്ധ്യമങ്ങളോട് പറഞ്ഞു.
എന്താണ് വില്ലൻ ചുമ
ശ്വാസകോശത്തിലും ശ്വാസനാളിയിലും ബോർഡെറ്റെല്ല പെർട്ടുസിസ് ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് വില്ലൻചുമക്ക് കാരണമാകുന്നത്. ഇത് ആദ്യകാലങ്ങളിൽ ഏറ്റവും ബാധിച്ചിരുന്നത് കുട്ടികളിലായിരുന്നു. 1950ൽ വാക്സിന്റെ വരവോടെ വില്ലൻചുമയുടെ നിരക്ക് കുറഞ്ഞിരുന്നു. ഇത്തരത്തിലുളള വാക്സിനുകൾ കണ്ടുപിടിക്കുന്നതിന് മുൻപ് ലോകത്ത് ഓരോ മൂന്ന് വർഷങ്ങളുടെ ഇടവേളകളിലും നിരവധി പകർച്ചവ്യാധികൾ ഉണ്ടായിട്ടുണ്ടെന്ന് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ പീഡിയാട്രിക് പ്രൊഫസറായ ആദം ഫിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും വില്ലൻചുമ വരാം.