പ്രൊഫഷണൽ ഫുട്‌ബാളിൽ 1200 മത്സരങ്ങൾ തികച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രൊ ലീഗ് ഫുട്‌ബാളിൽ അൽ നസ്‌റിനായി അൽ റിയാദിനെതിരെ കളിക്കാനിറങ്ങിയതോടെയാണ് ക്രിസ്റ്റ്യാനോ നാഴികക്കല്ല് താണ്ടിയത്. മത്സരത്തിൽ അൽ നസ്ർ 4-1ന് ജയിച്ചപ്പോൾ ക്രിസ്റ്റ്യാനോ ഗോളും അസിസ്റ്റും നേടുകയും ചെയ്തു. 31-ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ ഗോൾ നേടിയത്. ടാലിസ്‌ക ഇരട്ടഗോൾ (67, 90+4) നേടി. ഒറ്റാവിയയും (45+3) സ്‌കോർ ചെയ്തു. അൽ റിയാദിനായി ആന്ദ്രെ ഗ്രെ (68) സ്‌കോർ ചെയ്തു.
പ്രൊഫഷണൽ ഫുട്‌ബോളിൽ കൂടുതൽ മത്സരമെന്ന റെക്കാഡ് മുൻ ഇംഗ്ലീഷ് താരം പീറ്റർ ഷിൽട്ടന്റെ പേരിലാണ് (1387 മത്സരം). അന്താരാഷ്ട്ര ഫുട്‌ബാളിൽ കൂടുതൽ മത്സരം കളിച്ച താരമാണ് ക്രിസ്റ്റ്യാനോ. പോർച്ചുഗലിനായി 205 മത്സരത്തിൽ ഇറങ്ങി.