salah

ലിവർപൂളിന് വേണ്ടി 200 ഗോളുകൾ തികച്ച് ഇൗജിപ്ഷ്യൻ താരം മുഹമ്മദ് സല. കഴിഞ്ഞരാത്രി ക്രിസ്റ്റൽ പാലസിനെതിരായ ഇംഗ്ളീഷ് പ്രിമിയർ ലീഗ് മത്സരത്തിലാണ് സല ഈ നാഴികക്കല്ല് താണ്ടിയത്. പ്രിമിയർ ലീഗിൽ 150 ഗോളുകളും സല തികച്ചു. ക്രിസ്റ്റൽ പാലസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 2-1ന് ലിവർപൂൾ ജയിക്കുകയും ചെയ്തു. 57-ാം മിനിട്ടിൽ മറ്റേറ്റ എടുത്ത പെനാൽറ്റിയിലൂടെ ക്രിസ്റ്റൽ പാലസാണ് ആദ്യം സ്കോർ ചെയ്തത്. 76-ാം മിനിട്ടിൽ സലയാണ് കളി സമനിലയിലാക്കിയത്. ഇൻജുറി ടൈമിൽ ഹാർവി എലിയറ്റാണ് വിജയഗോൾ നേടിയത്.

ലിവർപൂളിന് വേണ്ടി 200 ഗോളുകൾ നേടുന്ന അഞ്ചാമത്തെ താരമാണ് സല. ഇയാൻ റഷ്,റോജർ ഹണ്ട്,ഗോർഡൻ ഹോഡ്ജ്സൺ,ബില്ലി ലിഡെൽ എന്നിവരാണ് ഇതിന് മുമ്പ് ഈ നാഴികക്കല്ല് മറികടന്നത്. ഈ സീസണിൽ ലിവർപൂളിനായി 14 ഗോളുകൾ സല നേടിക്കഴിഞ്ഞു.