
കയ്റോ: ഗാസയിൽ ഇസ്രയേൽ - ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ അയൽരാജ്യമായ ഈജിപ്റ്റ് തിരഞ്ഞെടുപ്പ് ചൂടിൽ. മൂന്ന് ദിവസം നീളുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് ഇന്നലെ തുടക്കമായി. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 9ന് വോട്ടെടുപ്പ് അവസാനിക്കും.
ഡിസംബർ 18ന് ഫലം പ്രഖ്യാപിക്കും. നിലവിലെ പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ - സിസി മൂന്നാം തവണയും ഭരണത്തുടർച്ച നേടുമെന്നാണ് സർവേ ഫലം. 2014ലാണ് സിസി ആദ്യമായി അധികാരത്തിലെത്തിയത്.
സൈനിക തലവനായിരുന്ന സിസിയുടെ നേതൃത്വത്തിൽ 2013ൽ പ്രസിഡന്റ് മുഹമ്മദ് മുർസിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയിരുന്നു. തൊട്ടടുത്ത വർഷം 97 ശതമാനം വോട്ടോടെ സിസി തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2018ലും സമാന വിജയം ആവർത്തിച്ചു. മൂന്ന് സ്ഥാനാർത്ഥികളാണ് സിസിക്കെതിരെ ഇത്തവണ മത്സരിക്കുന്നത്.