sukhdev

ജയ്‌പൂർ: രാഷ്ട്രീയ രജ്‌പുത് കർണിസേന അദ്ധ്യക്ഷൻ സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. രോഹിത്ത് റാത്തോഡ്,​ നിതിൻ ഫൗജി ഇവരുടെ കൂട്ടാളി ഉദ്ദം സിംഗ് എന്നിവരാണ് പിടിയിലായത്. ഡൽഹി പൊലീസും രാജസ്ഥാൻ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഹരിയാനയിലെ

ചണ്ഡീഗറിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

ഫോൺ കാളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഡൽഹിയിലെത്തിച്ച പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ അഞ്ചിനാണ് ഗോഗമേദിയെ വെടിവച്ച് കൊലപ്പെടുത്തിയത്. വീട്ടിലെത്തിയ അക്രമികൾ അദ്ദേഹത്തിനും രണ്ട് അംഗരക്ഷകർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. തലയിലും നെഞ്ചിലും വെടിയേറ്റ ഗോഗമേദിയെ ആശുപത്രിയിലെത്തിയെങ്കിലും രക്ഷിക്കാനായില്ല. സുരക്ഷാംഗങ്ങളുടെ വെടിവയ്പിൽ അക്രമികളിൽ ഒരാളും കൊല്ലപ്പെട്ടിരുന്നു. ലോറൻസ് ബിഷ്‌ണോയി അക്രമി സംഘത്തിലെ രോഹിത് ഗോദര എന്നയാൾ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഗോഗമേദിയുടെ കൊലപാതകത്തോടെ രാജസ്ഥാനിൽ വൻ പ്രതിഷേധമാണുണ്ടായത്. തുടർന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുകയായിരുന്നു. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കൂട്ടാളിയെയും കൊന്നു

അതിനിടെ ഗോഗമേദിയെ കൊലപ്പെുത്താനെത്തിയ അക്രമികളിലൊരാളെ വധിച്ചത് കൂട്ടത്തിലുണ്ടായിരുന്നവർ തന്നെയെന്ന സംശയത്തിൽ പൊലീസ്. ഗോഗമേദിയെ വെടിവച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൂട്ടാളികളിലൊരാൾക്കു നേരെ വെടിവയ്ക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്തപ്പോഴാണ് ഇത്തരത്തിലൊരു സംശയമുണ്ടായത്. അക്രമി സംഘത്തിലുണ്ടായിരുന്ന നവീൻ സിംഗ് ഷെഖാവത്താണ് കൊല്ലപ്പെട്ടത്. അവസാന നിമിഷം മനംമാറ്രം വന്ന നവീൻ വെടിവയ്പ് തടയാൻ ശ്രമിച്ചിരിക്കാമെന്നും ഇതിനിടെ വെടിയേറ്റതാകാമെന്നുമാണ് കരുതുന്നത്.

വിദേശത്ത് ജോലി വാഗ്ദാനം

രോഹിത് ഗോദര തന്നെയാണ് കൊലയുടെ ആസൂത്രകൻ. കൊലയാളികളെ വാടയ്‌ക്കെടുത്ത് കൊല നടത്താനുള്ള ഉത്തരവാദിത്വം അനുയായി വീരേന്ദ്ര ചരണിനെ ഏൽപ്പിച്ചു. രോഹിത് ഗോദര മാനഭംഗക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്നു. ഇതിന് കാരണം ഗോഗമേദിയായിരുന്നെന്നും പ്രതികാരം ചെയ്യുമെന്നും ഇയാൾ പറഞ്ഞിരുന്നു. ജയിലിൽ വച്ച് പരചയപ്പെട്ടവരെയാണ് വീരേന്ദ്ര ചരണും പദ്ധതി നടപ്പാക്കാൻ ഏൽപ്പിച്ചത്. പദ്ധതി നടപ്പാക്കിയാൽ വിദേശത്ത് ജോലി എന്നായിരുന്നു വാഗ്ദാനം. വീരേന്ദ്ര ചരണാണ് കൊലയ്ക്കു വേണ്ട തോക്കുകൾ ഏർപ്പാടാക്കിയതും. കൊലയ്ക്കു ശേഷം തോക്കുകൾ ഉപേക്ഷിച്ചു.