mp

ഭുവനേശ്വർ: ഒഡീഷയിലെ കോൺഗ്രസ് നേതാവും എം.പിയുമായ ധീരജ് സാഹുവുമായി ബന്ധപ്പെട്ട വസതികളിലും സ്ഥാപനങ്ങളിലും നടക്കുന്ന ആദായ നികുതി റെയ്ഡ് തുടരുന്നു. പണം സൂക്ഷിച്ചിരുന്ന 176 ബാഗുകളാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത പണം ഇന്നലെയോടെ എണ്ണിത്തിട്ടപ്പെടുത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ എണ്ണൽ തുടരുകയാണ്. നോട്ട് എണ്ണുന്നതിന് കൂടുതൽ മെഷീനുകളെത്തിച്ചു. കൂടുതൽ ജീവനക്കാരെയും എത്തിച്ചു. ഇന്നലെ വൈകിട്ടോടെ 140 ബാഗുകളിലെ പണം എണ്ണിയെന്ന് അധികൃതർ അറിയിച്ചു. അതേസമയം ധീരജ് സാഹു ഇപ്പോഴും ഒളിവിലാണ്.

300 കോടിയോളം വരും ഇതുവരെ കണ്ടെടുത്ത പണം. പ്രധാനമായും മദ്യനിർമ്മാണ ബിസിനസാണ് സാഹുവിനുള്ളത്. ഇവിടങ്ങളിലും മദ്യവ്യാപാരികളുടെ വീടുകളിലും റെയ്ഡ് തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. കോൺഗ്രസുകാരുടെ രക്തത്തിൽ അഴിമതിയുണ്ടെന്ന് ബി.ജെ.പി ആഞ്ഞടിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ബിസിനസുമായി കോൺഗ്രസിന് പങ്കില്ലെന്നും അദ്ദേഹത്തിന് മാത്രമേ പണത്തിന്റെ സ്രോതസ്സ് പറയാൻ കഴിയു എന്നും ജയറാം രമേശ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

ബുധനാഴ്‌ച തുടങ്ങിയ പരിശോധന തുടരുകയാണ്. ധീരജ് ഒളിവിലാണ്. ബുധനാഴ്ചയാണ് റെയ്ഡ് ആരംഭിച്ചത്.

എം.പിയുടെ ഡിസ്റ്റിലറി ​ഗ്രൂപ്പ് ഉൾപ്പെടെ ഒഡീഷയിലെയും ജാർഖണ്ഡിലെയും 25 സ്ഥാപനങ്ങളിൽ നിന്നാണ് 150 ബാഗുകൾ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ നിന്ന് 19 ബാഗുകൾ കൂടി കണ്ടെടുത്തു.