pic

ടെൽ അവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ ശക്തമായ മുന്നേറ്റം നടത്തി ഇസ്രയേൽ. ഇന്നലെ ഖാൻ യൂനിസിന്റെ മദ്ധ്യഭാഗത്തുള്ള ജമാൽ അബ്ദേൽ - നാസർ സ്ട്രീറ്റിലേക്ക് ഇരച്ചുകയറിയ നൂറുകണക്കിന് സൈനിക ടാങ്കുകൾ പ്രധാന റോഡുകളിൽ നിലയുറപ്പിച്ചു.

മേഖലയിലുണ്ടായ വ്യോമാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. മദ്ധ്യ ഗാസയിലെ ജനവാസ കേന്ദ്രങ്ങളിലും നിരവധി പേർ കൊല്ലപ്പെട്ടു. റാഫ നഗരത്തെയും ഖാൻ യൂനിസിനെയും ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന റോഡുകൾ പൂർണമായും തകർന്നു. ഇതിനിടെ, ഗാസയിൽ കൊല്ലപ്പെട്ട പാലസ്തീനികൾ ആകെ 17,700 കടന്നു.

ഗാസ മുനമ്പിലേക്ക് ഭക്ഷണവും മരുന്നും കടത്തിവിട്ടില്ലെങ്കിൽ ഇസ്രയേൽ തുറമുഖങ്ങൾ ലക്ഷ്യമാക്കി നീങ്ങുന്ന എല്ലാ കപ്പലുകളും ആക്രമിക്കുമെന്ന് യെമനിലെ ഹൂതി വിമതർ മുന്നറിയിപ്പ് നൽകി. ചെങ്കടലിൽ രണ്ട് ഹൂതി ഡ്രോണുകളെ ഫ്രഞ്ച് യുദ്ധക്കപ്പൽ വെടിവച്ചു വീഴ്ത്തി.

അതേ സമയം, ഗാസയിൽ അടിയന്തര വെടിനിറുത്തൽ ആവശ്യപ്പെടുന്ന പ്രമേയം യു.എൻ രക്ഷാസമിതിയിൽ വീറ്റോ ചെയ്തതിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നന്ദി അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി 50 മിനിറ്റോളം ഫോണിൽ സംസാരിച്ച നെതന്യാഹു റഷ്യയുടെ ഗാസ അനുകൂല നിലപാടിൽ അതൃപ്തി രേഖപ്പെടുത്തി.