india-vs-pakistan

ദുബായ്: ചേട്ടന്‍മാര്‍ ലോകകപ്പിലും ഏഷ്യാ കപ്പിലും ഇന്ത്യയോട് നാണംകെട്ട തോല്‍വി വഴങ്ങിയപ്പോള്‍ പ്രതികാരം വീട്ടി അനിയന്‍മാര്‍. അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് പാകിസ്ഥാന്റെ വിജയം. സെഞ്ച്വറി നേടിയ പാകിസ്ഥാന്‍ താരം അസാന്‍ അവായിസ് 105*(130) ആണ് അവര്‍ക്ക് അനായാസ ജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് മാത്രമാണ് നേടാനായത്. പാക് ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ റണ്‍സ് കണ്ടെത്താന്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ ബുദ്ധിമുട്ടി. ഓപ്പണര്‍ ആദര്‍ശ് സിംഗ് 62(81) ക്യാപ്റ്റന്‍ ഉദയ് സാഹരണ്‍ 60(98), സച്ചിന്‍ ദാസ് 58(45) എന്നിവര്‍ ഇന്ത്യക്കായി അര്‍ദ്ധസെഞ്ച്വറി നേടി.

പാകിസ്ഥാന് വേണ്ടി മുഹമ്മദ് ഷെഹ്‌സാന്‍ പത്ത് ഓവറില്‍ 46 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. 260 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 47 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.

അവായിസിന്റെ സെഞ്ച്വറിക്ക് പുറമേ ഓപ്പണര്‍ ഷെയ്‌സായ്ബ് ഖാന്‍ 63(88) ക്യാപ്റ്റന്‍ സാദ് ബാഗ് 51 പന്തില്‍ പുറത്താകാതെ 68 റണ്‍സും നേടി തിളങ്ങി. ഇന്ത്യന്‍ ബൗളര്‍ മുരുഗന്‍ അഭിഷേക് ആണ് പാകിസ്ഥാന്റെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും പാക് ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല.