
മുംബയ് : ഇംഗ്ളണ്ടിനെതിരായ അവസാന ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിൽ അഞ്ചുവിക്കറ്റ് വിജയം നേടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആശ്വാസം കണ്ടു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇംഗ്ളണ്ട് മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി. ഇന്നലെ 127 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരോവർ ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു .
ക്യാപ്ടൻ ഹീതർ നൈറ്റ്(52), വിക്കറ്റ് കീപ്പർ അമി ജോൺസ് (25) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇംഗ്ളണ്ട് വനിതകൾ 20 ഓവറിൽ 126 റൺസിന് ആൾഒൗട്ടായത്. ഇന്ത്യയ്ക്ക് വേണ്ടി സയ്ക്ക ഇഷാഖും ശ്രേയാങ്ക പാട്ടീലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാന (48), ജമീമ റോഡ്രിഗസ്(29), അമൻജോത് കൗർ(13നോട്ടൗട്ട്) എന്നിവരാണ് പോരാടിയത്.
ശ്രേയാങ്ക പാട്ടീലാണ് പ്ളേയർ ഒഫ് ദ മാച്ചായത്. ഇംഗ്ളണ്ടിന്റെ നാറ്റ് ഷിവർബ്രണ്ട് പ്ളെയർ ഒഫ് ദ സിരീസായി. മൂന്ന് മത്സരങ്ങളിലും മലയാളി താരം മിന്നുമണിക്ക് പ്ളേയിംഗ് ഇലവനിൽ അവസരം ലഭിച്ചില്ല.