
മസ്കറ്റ്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഈ മാസം 16ന് ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 2020ൽ അധികാരത്തിലെത്തിയ ശേഷം ഹൈതം ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്. സന്ദർശനം ഇന്ത്യയുമായുള്ള ഒമാന്റെ നയതന്ത്ര ബന്ധത്തിലെ നിർണായക നാഴികക്കല്ലാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉയർന്ന ഒമ്പത് കാബിനറ്റ് മന്ത്രിമാരും സുൽത്താനൊപ്പം ഇന്ത്യയിലെത്തും. ഖാബൂസ് ബിൻ സെയ്ദാണ് അവസാനമായി ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയ ഒമാൻ സുൽത്താൻ. 1997ലായിരുന്നു ഇത്.