murder

സുല്‍ത്താന്‍ ബത്തേരി: പഴേരി തോട്ടക്കരയില്‍ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മദ്ധ്യവയസ്‌ക ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ബത്തേരി തൊടുവെട്ടി സ്വദേശി പുത്തക്കാടന്‍ ബീരാന്‍ (58) ആണ് വെട്ടേറ്റുമരിച്ചത്. കൊലപാതകം നടത്തിയ ശേഷം ചന്ദ്രമതിയെ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് മൂന്നോടെ ചന്ദ്രമതിയുടെ വീട്ടിലായിരുന്നു സംഭവം.

ഉച്ചയോടെ ബീരാന്‍ പഴേരിയിലെ ചന്ദ്രമതിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന അമ്മ ദേവകിയെ സഹോദരന്റെ വീട്ടിലേക്ക് ചന്ദ്രമതി പറഞ്ഞയച്ചു. ദേവകി വൈകിട്ട് തിരികെയെത്തിയപ്പോഴാണ് വീടിന് പിറകുവശത്ത് ചന്ദ്രമതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സഹോദരനെ വിവരമറിയിച്ചു. സഹോദരന്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലില്‍ കഴുത്തിന് വെട്ടേറ്റുമരിച്ച നിലയില്‍ ബീരാന്റെ മൃതദേഹം കണ്ടത്.

ചന്ദ്രമതിയും ബീരാനും സുഹൃത്തുക്കളും കൂട്ടു കച്ചവടക്കാരുമായിരുന്നു. ഇരുവരും ചേര്‍ന്ന് അടുത്തിടെ ഗുഡ്സ് ഓട്ടോ വാങ്ങിയിരുന്നു. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇരുപതു വര്‍ഷം മുമ്പ് ചന്ദ്രമതിയെ ഉപേക്ഷിച്ചുപോയ ഭര്‍ത്താവ് കുട്ടപ്പന്‍ ഒരുവര്‍ഷം മുമ്പ് മരണപ്പെട്ടു. രണ്ട് ആണ്‍മക്കള്‍ വേറെയാണ് താമസിക്കുന്നത്. ബീരാന് ഭാര്യയും രണ്ട് മക്കളുമുണ്ട്. സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി കെ.കെ അബ്ദുള്‍ ഷരീഫിന്റെ നേതൃത്തില്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.