
സ്റ്റോക്‌ഹോം : ഈ വർഷത്തെ നോബൽ സമ്മാനങ്ങൾ ഇന്നലെ വിതരണം ചെയ്തു. സമാധാന നൊബേൽ ജേതാവായ ഇറാനിയൻ ആക്ടിവിസ്റ്റ് നർഗീസ് മുഹമ്മദിക്ക് വേണ്ടി മക്കളായ അലി, കിയാന റഹ്മാനി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടി പോരാടിയ നർഗീസ് നിലവിൽ ടെഹ്‌റാനിലെ എവിൻ ജയിലിലാണ്. നർഗീസിന്റെ ഭർത്താവ് ടാഗി റഹ്മാനിയും 17 വയസുള്ള ഇരട്ട കുട്ടികളായ അലിയും കിയാനയും നിലവിൽ പാരീസിലാണ്.
തടവറയിൽ നിന്ന് നർഗീസ് എഴുതിയ കുറിപ്പ് മക്കൾ പുരസ്കാര വേദിയിൽ വായിച്ചു. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വഹിക്കുന്ന പങ്കിനെ നർഗീസ് കുറിപ്പിൽ പ്രശംസിച്ചു. ഇറാനിലെ സ്വേച്ഛാധിപത്യവും സ്ത്രീവിരുദ്ധവുമായ ഭരണകൂടത്തെ അപലപിച്ചു. സമാധാന നോബൽ നേടുന്ന രണ്ടാമത്തെ ഇറാനിയൻ വനിതയാണ് നർഗീസ്.
അതേ സമയം, ഇറാനിലെ ബഹായി മത ന്യൂനപക്ഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നർഗീസ് നിരാഹാര സമരം ആരംഭിക്കാൻ തീരുമാനിച്ചെന്ന് കുടുംബം അറിയിച്ചു. ഒക്ടോബർ ആദ്യവാരമാണ് നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചത്. സമാധാന നോബൽ വിതരണം നോർവെയിലെ ഓസ്‌ലോ സിറ്റി ഹാളിൽ നടന്നപ്പോൾ മറ്റുള്ളവയുടെ വിതരണം ഇന്നലെ രാത്രി മുതൽ സ്വീഡനിലെ സ്റ്റോക്‌ഹോം കൺസേർട്ട് ഹാളിൽ തുടങ്ങി.