supreme-court

ന്യൂഡൽഹി : ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇന്ന്.ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുന്നത്. ബെഞ്ചിലെ അംഗവും, കാശ്മീരി പണ്ഡിറ്റുമായ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ഈ മാസം 25ന് വിരമിക്കാനിരിക്കെയാണ് വിധിയെന്നത് ശ്രദ്ധേയമാണ്.

പ്രത്യേക പദവി നൽകിയ ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കുക മാത്രമല്ല,ജമ്മു കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തിരുന്നു. കേന്ദ്ര നടപടിക്കെതിരെ 23 ഹർജികളാണ് കോടതിയിലുള്ളത്. 16 ദിവസമാണ് വാദം കേട്ടത്.

നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വാദങ്ങൾ ഉയർന്നു.കാശ്മീർ ജനതയുമായി കൂടിയാലോചിച്ചില്ലെന്ന് ഹർജിക്കാർ ആരോപിച്ചു. മൂന്ന് ദശകം നീണ്ട സംഘർഷങ്ങൾ ശമിച്ച് ജമ്മു കാശ്മീർ സാധാരണനിലയിലേക്ക് മടങ്ങിയെന്ന് കേന്ദ്രം പ്രതികരിച്ചിരുന്നു. കേന്ദ്രത്തിന് പിന്തുണയുമായി കാശ്മീരി പണ്ഡിറ്റുകളുടെ സംഘടനയായ യൂത്ത് ഫോർ പാനുൻ കാശ്മീർ കോടതിയിലെത്തി.

കാശ്മീരിൽ ജാഗ്രത

വിധിയുടെ പശ്ചാത്തലത്തിൽ ജമ്മു കാശ്മീരിൽ സുരക്ഷ ശക്തമാക്കി. ശ്രീനഗറിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതി വിലയിരുത്തി. പ്രശ്നമുണ്ടായാൽ കർശനമായി നേരിടും. കാശ്മീരിന് അനുകൂലമായ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രനടപടിയെ എതിർക്കുന്ന നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള പ്രതികരിച്ചു.