case

പെരുമ്പാവൂർ: ഓടക്കാലിയിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിൽ നടപടി കടുപ്പിച്ച് പൊലീസ്. നവകേരള സദസിന് പോകുകയായിരുന്ന ബസിന് നേരെ ഷൂസെറിഞ്ഞ നാല് കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇത്തരത്തിൽ പ്രതിഷേധം നടത്തുന്നതിനിടെ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ജീവന് അപകടമുണ്ടാക്കി മരണംവരെ സംഭവിച്ചേക്കും എന്ന ബോദ്ധ്യം പ്രതിഷേധിച്ചവർക്ക് ഉണ്ടായിരുന്നു എന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

കസ്റ്റഡിയിലെടുത്ത കെ.എസ്.യു പ്രവർത്തകർക്കെതിരെ ഐപിസി 308,283,353 വകുപ്പുകളാണ് ചുമത്തിയത്.ഇവരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഷൂസുകൾ എറിഞ്ഞ കെ.എസ്.യു പ്രവർത്തകർക്ക് ഡി.വൈ.എഫ്.ഐക്കാരുടെ മർദ്ദനമേറ്റിരുന്നു.

പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്ക് പോകവേ ഓടക്കാലിയിൽ വച്ചാണ് ബസിനു നേർക്ക് കെ.എസ്.യു പ്രവർത്തകർ ഷൂസ് എറിഞ്ഞത്. ഷൂസ് ബസിന്റെ ചില്ലിൽ വന്നുപതിച്ചു. പ്രതിഷേധക്കാരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചു. ഏഴ് കെ.എസ്.യു പ്രവർത്തകരെ കുറുപ്പംപടി പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ പരിക്കുകളോടെ പൊലീസ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം എൽദോസ് കുന്നപ്പള്ളി എംഎൽഎയ്‌ക്കെതിരെ ആക്രമണമുണ്ടായ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയുന്ന 30 പേർക്കെതിരെയാണ് പൊലീസ് കേസ്. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദ്ദനമേറ്റിരുന്നു. ഈ പ്രവർത്തകനെ ആശുപത്രിയിലെത്തിക്കവെ ആശുപത്രി മുറ്റത്തുവച്ചായിരുന്നു കൈയേറ്റം നടന്നത്.