israel

ടെൽ അവീവ്: ഇപ്പോൾ നടക്കുന്ന പോരാട്ടം ഹമാസിന്റെ അവസാനത്തിന്റെ ആരംഭമാണെന്നും എത്രയും പെട്ടെന്ന് കീഴടങ്ങുന്നതാണ് നല്ലതെന്നും മുന്നറിയിപ്പ് നൽകി ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ഹമാസും ഇസ്രയേലി പ്രതിരോധ സേനയും തമ്മിൽ അതിശക്തമായ യുദ്ധം 66ാം ദിവസവും തുടരവെയാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

'കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഡസൻകണക്കിന് ഹമാസ് പ്രവർത്തകർ ഇസ്രയേലി സൈന്യത്തിന് മുന്നിൽ കീഴടങ്ങി.നമ്മുടെ വീരന്മാരായ സൈനികർക്ക് മുന്നിൽ അവർ ആയുധം വച്ച് കീഴടങ്ങുകയാണ്.യുദ്ധം ഇപ്പോഴും തുടരുന്നു. എന്നാലിത് അവസാനത്തിന്റെ ആരംഭമാണ്.സിൻവാറിന് വേണ്ടി മരിക്കാതെ കീഴടങ്ങാൻ ഞാൻ ഹമാസിനോട് പറയുന്നു.' നെതന്യാഹു പറഞ്ഞു. ഗാസയിലെ യാഹ്യ സിൻവാർ പ്രദേശത്തിന് വേണ്ടി മരിക്കരുതെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

അതേസമയം ഗാസയിലെ പാലസ്‌തീൻ സ്‌ക്വയർ മേഖലയിൽ വമ്പനൊരു ഭൂഗർഭ ടണൽ കണ്ടെത്തിയതായി ഇസ്രയേലി പ്രതിരോധ സേന അറിയിച്ചു. പ്രദേശം കഴിഞ്ഞ ദിവസം പൂർണമായും ഇസ്രയേലി പ്രതിരോധ സേന കൈവശപ്പെടുത്തിയിരുന്നു. പ്രദേശത്തെ ഇത്തരം പല ടണലുകളും ഷിഫ ആശുപത്രിയുമായി ബന്ധിക്കുന്നെന്നും കണ്ടെത്തി. ശനിയാഴ്‌ച പ്രദേശത്ത് നടന്ന വ്യോമാക്രമണത്തിൽ ഹമാസിന്റെ ഷെജയ്യ ബറ്റാലിയൻ പുതിയ കമാന്ററെ വധിച്ചതായി ഇസ്രയേലി സൈന്യം അറിയിച്ചു.