
കൊച്ചി: പെരുമ്പാവൂരിൽ നവകേരള ബസിന് നേരെ ഷൂസ് എറിഞ്ഞത് വൈകാരിക പ്രതിഷേധമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഷൂസ് എറിഞ്ഞത് സമരമാർഗമല്ലെന്നും ഇത് തുടരില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പോകവെ ഓടക്കാലിയിൽ വച്ചാണ് നവകേരളാ ബസിന് നേർക്ക് കെഎസ്‌യു പ്രവർത്തകർ ഷൂസ് എറിഞ്ഞത്.
ഇത് ബസിന്റെ ചില്ലിൽ വന്ന് പതിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. സംഭവത്തിൽ ഏഴ് കെഎസ്‌യു പ്രവർത്തകരെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പരിക്കുകളോടെ പൊലീസ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കു നേരെ കൈയേറ്റ ശ്രമമുണ്ടായി. എംഎൽഎയെ രക്ഷിക്കാൻ ശ്രമിച്ച ഡ്രൈവർക്ക് പരിക്കേറ്റു.
കരിങ്കൊടി കാണിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകനെ ഡിവൈഎഫ്ഐ പ്രവർത്തകർ കോതമംഗലം ഇരുമലപ്പടിയിൽ മർദ്ദിച്ച് കനാലിലേക്ക് തള്ളിയിട്ടു. അതേസമയം, ബസിന് നേരെയുണ്ടായ ഷൂസ് ഏറ് തുടർന്നാൽ സർക്കാരിന് നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി കോതമംഗലത്തെ സദസിൽ പറഞ്ഞിരുന്നു. സദസിന് എത്തിയവർ ഒന്ന് ഊതിയാൽ പ്രതിഷേധക്കാർ പറന്നുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഷൂസ് ഏറിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കടലാസ് ചുരുട്ടി എറിയുന്നത് പോലും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്റ്റാലിൻ ചമയേണ്ടന്നും വിഡി സതീശൻ പറഞ്ഞു.