
ഒട്ടാവ: വിദേശത്ത് പോയി പഠിക്കാനും താമസമാക്കാനും വളരെയേറെ ആഗ്രഹിക്കുന്ന അനേകം യുവതീ-യുവാക്കൾ ഉള്ള നാടാണ് ഇന്ത്യ. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ മുതൽ വിദേശത്ത് പോകുന്നത് സ്വപ്‌നം കാണുന്നവരും നിരവധിയാണ്. വിദേശനാടുകളിൽ കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന രാജ്യമാണ് കാനഡ. എന്നാലിപ്പോൾ കാനഡയിൽ പോകാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടിയായി വിസ നിയമങ്ങൾ പരിഷ്‌കരിച്ചിരിക്കുകയാണ് സർക്കാർ.
കാനഡയിൽ പഠിക്കുന്നത് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. രാജ്യത്ത് പഠനാവശ്യത്തിനായി അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ ജീവിതച്ചെലവിന് ആവശ്യമാകുന്ന തുക ഇരട്ടിയായി വർദ്ധിപ്പിച്ചിരിക്കുകയാണ് ഇമിഗ്രേഷൻ മന്ത്രാലയം. ഇതോടെ ട്യൂഷൻ ഫീസിന് പുറമേ അക്കൗണ്ടിൽ 20,635 കനേഡിയൻ ഡോളർ (17 ലക്ഷത്തിലധികം രൂപ) ഉണ്ടെന്നതിന്റെ രേഖകൾ വിദ്യാർത്ഥികൾ സമർപ്പിക്കണം.
മുൻപ് പതിനായിരം കനേഡിയൻ ഡോളറായിരുന്നു കാനഡയിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിക്ഷേപം വേണ്ടിയിരുന്നത്. വിദ്യാർത്ഥികളുടെ ക്ഷേമത്തിനായാണ് തുക ഉയർത്തിയതെന്നാണ് സർക്കാരിന്റെ വിശദീകരണം. കൈവശം പതിനായിരം ഡോളറുമായി എത്തുന്ന വിദ്യാർത്ഥികൾ പിന്നീട് ജീവിക്കാൻ കഷ്ടപ്പെടുന്നുവെന്നും അധികൃതർ പറയുന്നു.
അതേസമയം, കനേഡിയൻ സർക്കാരിന്റെ പുതിയ പരിഷ്‌കാരം 'റിവേഴ്‌സ് ഇമിഗ്രേഷൻ ട്രെൻഡിന്' കാരണമാകുന്നതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം ആദ്യ ആറുമാസത്തിനിടെ 42,000ത്തോളം പേരാണ് കാനഡയിൽ നിന്ന് തിരികെ അവരവരുടെ നാടുകളിൽ വന്നത്. 2022ൽ ഇത് 93,818ഉം, 2021ൽ 85,927ഉം ആയിരുന്നു. രണ്ട് ദശാബ്ദത്തിനിടെ 2019 വർഷത്തിലാണ് ഏറ്റവും കൂടുതൽ പേർ കാനഡ ഉപേക്ഷിച്ച് തിരികെയെത്തിയത്.
'അന്താരാഷ്ട്ര വിദ്യാർത്ഥികൾ സാമൂഹികവും സാമ്പത്തികവുമായ അനേകം നേട്ടങ്ങളാണ് രാജ്യത്തിന് നൽകുന്നത്. എന്നാൽ കാനഡയിൽ ജീവിതം നയിക്കുന്നതിനുള്ള വെല്ലുവിളികളും അവർ അഭിമുഖീകരിക്കേണ്ടി വരുന്നു. അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് ഇവിടത്തെ യഥാർത്ഥ ജീവിതച്ചെലവ് മനസിലാക്കുന്നതിനായാണ് ജീവിതച്ചെലവ് പരിധി പരിഷ്‌കരിച്ചിരിക്കുന്നത്.
കാനഡയിലെ അവരുടെ വിജയത്തിന് ഈ നടപടി പ്രധാനമാണ്. വിദ്യാർത്ഥികൾക്ക് മതിയായ പാർപ്പിടം സൗകര്യം ഒരുക്കുന്നതും സർക്കാരിന്റെ ആലോചനയിലാണ്. പുതിയ പരിഷ്‌കാരങ്ങൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ സാമ്പത്തികമായ ദുർബലമായ സാഹചര്യങ്ങളിൽ നിന്നും ചൂഷണത്തിൽ നിന്നും സംരക്ഷിക്കും'- ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലർ വ്യക്തമാക്കി.