
കൈയിൽ അൽപം സമ്പാദ്യം ഉള്ളവരെ കളിയാക്കി പലരും 'ഓ ഒരു അംബാനി വന്നിരിക്കുന്നു' എന്ന് നമ്മുടെ നാട്ടിൽ പറയാറുണ്ട്. റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ സ്വീകാര്യത കൂടിയാണ് ഇത്തരം സംസാരത്തിൽ നിന്ന് മനസിലാക്കാനാകുന്നത്. രാജ്യത്തെ പണക്കാരിൽ ഒന്നാമനായ അംബാനിക്ക് ഏകദേശം 92.1 ബില്യൺ ഡോളറാണ് ആസ്തി.
68 ബില്യൺ ഡോളറാണ് അദാനി എന്റർപ്രൈസസ് ഉടമ ഗൗതം അദാനിയുടേത്. എന്നാൽ ഇവരുടെ കൈവശമുള്ള ആസ്‌തിയേക്കാൾ എത്രയോ സ്വത്തും അധികാരവുമുള്ളവർ ഈ ഭൂമി വാണിരുന്നു. പലരും വിവിധ നാടുകളിലെ രാജാക്കന്മാരോ, ചക്രവർത്തിമാരോ, ഇന്നും മനുഷ്യന് ഉപയോഗമുള്ള കണ്ടുപിടിത്തങ്ങൾ നടത്തിയ പേരുകേട്ട ബിസിനസ് ഉടമകളോ ആയിരുന്നു. ഇന്ത്യയിൽ നിന്നും ഇത്തരത്തിൽ പേരുകേട്ട രണ്ട് ധനികർ ഉണ്ടായിരുന്നു. ഒരാൾ മൂന്നാമത് മുഗൾ ചക്രവർത്തിയായ അക്‌ബർ ആണ്. മറ്റൊരാൾ ഹൈദരാബാദ് നൈസാം ആയിരുന്ന മിർ ഒസ്‌മാൻ അലി ഖാനും.

മാൻസാ മൂസ
പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാന പാദം മുതൽ 14ാം നൂറ്റാണ്ടിന്റെ ആരംഭം വരെ ആഫ്രിക്കയിലെ മാലി സാമ്രാജ്യം ഭരിച്ച മാൻസാ മൂസയാണ് ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ധനികൻ. 1280 എ ഡി മുതൽ 1337 വരെയാണ് മാൻസാ മൂസയുടെ ജീവിതകാലം. ഈ സമയം ലോകപ്രശസ്‌തമായ ബാംബുക് സ്വർണഖനി കണ്ടെത്തിയതോടെ വലിയ തോതിൽ സ്വർണവ്യാപാരം രാജ്യത്ത് നടന്നു. ഇത് വൻ സ്വത്തിന് അദ്ദേഹത്തെ ഉടമയാക്കി. എത്ര സ്വത്താണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്ന് ഇതുവരെ കണക്കുകൂട്ടാൻ പോലും സാധിച്ചിട്ടില്ല.
മക്കയിലേക്ക് തീർത്ഥാടനം നടത്തവെ മൂസ 60000 പേരെ തന്റെയൊപ്പം കൂട്ടി. ഓരോരുത്തരും രണ്ട് കിലോ വീതം സ്വർണവും നിരവധി ഒട്ടകങ്ങളെയും മറ്റ് പാരിതോഷികങ്ങളെയും കരുതിയിരുന്നു. ഇവയുടെ പുറത്ത് 125 കിലോ സ്വർണമുണ്ടായിരുന്നു. പോകും വഴി വിവിധ മുസ്ളീം തീർത്ഥാടന ഇടങ്ങളിൽ ഇവ നൽകി.
അഗസ്‌റ്റസ് സീസർ
ബിസി 27 മുതൽ എഡി 14 വരെ റോം ഭരിച്ച ആദ്യ ചക്രവർത്തിയാണ് അഗസ്റ്റസ്. പിതാവ് ജൂലിയസ് സീസറിന്റെ മരണശേഷം റോമൻ റിപബ്ളിക്കിൽ നിന്ന് റോമാ സാമ്രാജ്യത്തിലേക്ക് വളർത്തിയത് അഗസ്റ്റസ് ആണ്. ലോക ജിഡിപിയുടെ 30 ശതമാനം വരെ അന്ന് കൈയാളിയിരുന്നത് റോമാ സാമ്രാജ്യം ആയിരുന്നു. ഇന്നത്തെ കണക്കിന് ഏകദേശം 4.6 ട്രില്യൺ ഡോളറിന്റെ വമ്പൻ ആസ്തിയാണ് അഗസ്‌റ്റസിന് ഉണ്ടായിരുന്നത്.

അക്ബർ ചക്രവർത്തി
16ാം നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ച മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്‌തനും ശക്തനുമായ ചക്രവർത്തിയായിരുന്നു അക്‌ബർ. അദ്ദേഹത്തിന്റെ കാലത്ത് ആഗോള വ്യാപാരത്തിന്റെ 25 ശതമാനവും ഇന്ത്യയിലായിരുന്നു. മൻസബ്‌ദാർ സമ്പ്രദായം നടപ്പിലാക്കി അതുവഴി തന്റെ കീഴിലുള്ള ഓരോ പ്രദേശത്തും ഒരു ഓഫീസറുടെ നേതൃത്വത്തിൽ വ്യാപാരം പ്രോത്സാഹിപ്പിച്ചു. ഇത്തരത്തിൽ 15 പ്രവിശ്യയുണ്ടായിരുന്നു. ഈ ഓഫീസർമാരെ ഒരിക്കലും പരമ്പരാഗതമായി തിരഞ്ഞെടുത്തത് അല്ല എന്നത് അക്‌ബറിന്റെ ഭരണത്തിൽ ആസ്‌തി വർദ്ധിക്കാൻ ഇടയാക്കി. ഇദ്ദേഹത്തിന്റെ ആസ്‌തിയും കണക്കുകൂട്ടാൻ കഴിയുന്നതിനും അപ്പുറമാണ് എന്നാണ് വിവരം.

ആൻഡ്രൂ കാർനെഗി
19ാം നൂറ്റാണ്ടിലെ പ്രശസ്‌ത സ്‌കോട്ടിഷ് അമേരിക്കൻ വ്യവസായിയായിരുന്നു ആൻഡ്രൂ കാർനെഗി. സ്റ്റീൽ വ്യവസായത്തിൽ കാർനെഗി സ്റ്റീൽ കമ്പനി എന്ന തന്റെ സംരംഭത്തിലൂടെ 372 ബില്യൺ ഡോളർ അദ്ദേഹം സമ്പാദിച്ചു. അക്കാലത്തെ അതിസമ്പന്നരിൽ മുമ്പനായി. തന്റെ സ്വത്തുകൊണ്ട് 1600 ലൈബ്രറികൾ അദ്ദേഹം അമേരിക്കയിലുണ്ടാക്കി. നാട്ടിൽ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ട നിരവധി കാര്യങ്ങൾ ചെയ്‌തു.
ജോൺ ഡി റോക്‌ഫെല്ലർ
20ാം നൂറ്റാണ്ടിൽ ലോകത്തെ എണ്ണ വ്യാപാരം നിയന്ത്രിച്ചിരുന്ന അതികായനാണ് ജോൺ ഡി റോക്‌ഫെല്ലർ.തന്റെ സ്റ്റാന്റേർഡ് ഓയിൽ കമ്പനി വഴി 97ാം വയസിൽ മരിക്കുമ്പോൾ അദ്ദേഹം 341 ബില്യൺ ഡോളറിന്റെ ആസ്‌തി നേടി.

റഷ്യയിലെ നികോളാസ് രണ്ടാമൻ
ബോൾഷെവിക് വിപ്ളവകാരികൾ കുടുംബത്തോടെ കൊലപ്പെടുത്തിയ റഷ്യയുടെ അവസാന ചക്രവർത്തിയാണ് നികോളാസ് രണ്ടാമൻ. 1894 മുതൽ 1917 വരെയാണ് അദ്ദേഹം ഭരിച്ചത്. 900 മില്യൺ ഡോളറായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ ആസ്‌തി.

മിർ ഒസ്‌മാൻ അലി ഖാൻ
50ഓളം റോൾസ് റോയ്‌സ് കാറുകൾ. ഓഫീസിൽ പേപ്പർവെയ്‌റ്റായി ഉപയോഗിക്കുന്നത് വിലകൂടിയ രത്നങ്ങൾ. 100 മില്യൺ ഡോളർ സ്വർണവും 400 മില്യൺ ഡോളർ മറ്റ് ആഭരണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. 1937ൽ അന്ന് ടൈം മാഗസീന്റെ കവറിൽ ഈ സ്വത്തെല്ലാം പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയിൽ ഹൈദരാബാദിനെ ലയിപ്പിക്കുന്നതുവരെ ഏറ്റവും ധനികനായ രാജാവ്. ഇതെല്ലാമായിരുന്നു ഹൈദരാബാദ് നൈസാമായിരുന്ന മിർ ഒസ്‌മാൻ അലി ഖാൻ. ഏകദേശം 230 ബില്യൺ ഡോളർ സ്വകാര്യ ആസ്‌തിയുള്ള ഇദ്ദേഹമാണ് ഇന്ത്യയിലെ കണക്കാക്കപ്പെട്ട ധനികനായ രാജാവ്.