
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്ന ഒന്നാണ് കെരാറ്റിൻ. മുടിയിഴകൾക്ക് കരുത്തും തിളക്കവും നൽകുന്നതിനും പ്രകൃതിദത്ത പ്രോട്ടീനായ കെരാറ്റിൻ സഹായിക്കുന്നു. നമ്മുടെ മുടിയിഴയുടെ 91ശതമാനവും കെരാറ്റിൻ ആണ്. എന്നാൽ പല തരത്തിലുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നത് മൂലവും കാലാവസ്ഥാ വ്യതിയാനവും കാരണം ക്രമേണ ഇതിന്റെ അളവ് കുറഞ്ഞു പോകുകയും മുടി വരണ്ടുപോകുന്ന അവസ്ഥയും ഉണ്ടാകുന്നു.
അതിനാൽ തന്നെ പലരും ബ്യൂട്ടിപാർലറുകളിൽ പോയി കെരാറ്റിൻ ട്രീറ്റ്‌മെന്റുകൾ ചെയ്യാറുണ്ട്. ഇത്തരത്തിൽ ട്രീറ്റ്മെന്റ് ചെയ്യുന്നതിലൂടെ മുടിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് സംഭവിക്കുന്നത്. കെമിക്കലുകൾ അടങ്ങിയിട്ടുള്ളതിനാൽ കെരാറ്റിൻ ട്രീറ്റ്‌മെന്റ് ചെയ്യുന്നതിലൂടെ പലർക്കും അമിതമായ മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്. എന്നാൽ ഇനി ആ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് നാച്വറലായി കെരാറ്റിൻ ട്രീറ്റ്മെന്റ് ചെയ്യാം. പാർലറുകളിൽ ട്രീറ്റ്മെന്റ് ചെയ്ത പോലെ നിങ്ങളുടെ മുടി തിളങ്ങും.
ആവശ്യമായ സാധനങ്ങൾ
വെള്ളം - 300 മില്ലി
ഫ്ലാക്‌സീഡ് - 4 ടേബിൾസ്പൂൺ
ചോളപ്പൊടി - 4 ടേബിൾസ്പൂൺ
വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
അർഗൻ ഓയിൽ - 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഫ്ലാക്‌സീഡ് വെള്ളം ചേർത്ത് നന്നായി തിളപ്പിച്ച് അരിച്ചെടുക്കണം. കുറച്ച് വെള്ളത്തിൽ ചോളപ്പൊടി യോജിപ്പിച്ച് കുറുക്കി തണുപ്പിച്ചെടുക്കുക. ഇതിലേയ്‌ക്ക് നേരത്തേ തയ്യാറാക്കിയ ഫ്ലാക്‌സീഡ് കൂടിചേർത്ത് യോജിപ്പിക്കണം. ഇപ്പോൾ ക്രീം പരുവത്തിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഈ ക്രീമിലേയ്‌ക്ക് വെളിച്ചെണ്ണയും അർഗൻ ഓയിലും കൂടിചേർത്ത് നന്നായി യോജിപ്പിച്ച് ഒരു ബോട്ടിലിൽ അടച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
മുടി നന്നായി എണ്ണ തേച്ച് 15 മിനിട്ട് വയ്‌ക്കണം. ശേഷം ശിരോചർമ്മത്തിലും മുടിയിലും നന്നായി ഈ ക്രീം നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിട്ട് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.