kuwait-expats

കുവൈത്ത്: രാജ്യത്ത് പ്രവാസികൾക്ക് ഇനി മുതൽ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് മാത്രമാണ് നൽകുകയുള്ളുവെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡിസംബർ 10 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. പുതിയ തീരുമാനം പുറത്തുവന്നതോടെ പ്രവാസി ഡ്രൈവർമാർക്ക് ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസിന്റെ പ്രിന്റ് ചെയ്ത കോപ്പി കൈവശം വയ്‌ക്കേണ്ടതില്ല.

പുതിയതായി അനുവദിക്കുന്ന ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ കാലാവധി മാത്രമാണ് ഉണ്ടായിരിക്കുക. ഓരോ വർഷം കൂടുംതോറും പുതുക്കേണ്ടി വരും. സഹേൽ ആപ്പ് അല്ലെങ്കിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖാന്തരമോ ലൈസൻസ് പുതുക്കാവുന്നതാണ്. ആർട്ടിക്കിൾ 20 വിസ പ്രകാരമുള്ള ഫാമിലി ഡ്രൈവർമാർക്കും അന്താരാഷ്ട്ര കാർഗോ ഡ്രൈവർമാർക്കും ഡിജിറ്റൽ ലൈസൻസ് ബാധകമല്ല. അവർ പ്രിന്റ് ചെയ്ത കോപ്പി കൈവശം വയ്ക്കണം.

ലൈസൻസിന്റെ കാലാവധി മൊബൈൽ ഐഡി ആപ്പ് മുഖേന പരിശോധിക്കാവുന്നതാണ്. ആപ്പിൽ പച്ച നിറത്തിലാണ് കാണുന്നതെങ്കിൽ ലൈസൻസ് സാധുതയുള്ളതായി സൂചിപ്പിക്കുന്നു. ഇനി ചുവപ്പ് നിറത്തിലാണെങ്കിൽ ലൈസൻസ് കാലാവധി അവസാനിച്ചതായി സൂചിപ്പിക്കുന്നു. ഇനി പ്രവാസികൾ വാഹനം ഓടിച്ച് മറ്റ് രാജ്യങ്ങളിലേക്ക് പോകുകയാണെങ്കിൽ അതത് രാജ്യങ്ങളിലെ അധികാരികൾ നൽകുന്ന ലൈസൻസുകൾ കയ്യിൽ കരുതണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം, കാലാവധി കഴിഞ്ഞ ലൈസൻസുമായി റോഡിലിറങ്ങുന്നവർക്കും മന്ത്രാലയം വ്യക്തമായ മുന്നറിയിപ്പും നൽകുന്നുണ്ട്. ഇത്തരക്കാരുടെ ലൈസൻസ് ഉൾപ്പടെ റദ്ദു ചെയ്യുമെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക, പേപ്പറിന്റെ ഉപയോഗം കുറയ്ക്കുക, നടപടി ക്രമങ്ങൾ ലളിതമാക്കുക തുടങ്ങിയവ ലക്ഷ്യം വച്ചാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്.