tiger

തിരുവനന്തപുരം: വന്യജീവികൾ നാട്ടിലിറങ്ങി ജനങ്ങൾക്ക് ഭീഷണിയാകുന്നത് തുടർക്കഥയാകുമ്പോൾ, വയനാട്ടിൽ എട്ടുവർഷത്തിനിടെ കടുവ കൊന്നത് ഏഴുപേരെ. ആലപ്പുഴയൊഴികെ 13 ജില്ലയിലും വന്യജീവി ശല്യം രൂക്ഷമാണ്.
ഈ വർഷം രണ്ട് മനുഷ്യ ജീവനുകൾ പൊലിഞ്ഞു. ജനുവരിയിൽ പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസും കഴിഞ്ഞദിവസം വാകേരി സ്വദേശി പ്രജീഷും. രണ്ട് സംഭവങ്ങളും വനത്തിന് പുറത്താണ്. വയനാട്ടിൽ 2015ൽ മൂന്ന് പേരും 2019ലും 2020ലും ഒരാൾ വീതവും കൊല്ലപ്പെട്ടു.


വയനാട്ടിലാണ് ആണ് വന്യജീവി ആക്രമണം ഏറ്റവും കൂടുതൽ. പാലക്കാട്, കണ്ണൂർ, തൃശ്ശൂർ, കൊല്ലം ജില്ലകളിലും രൂക്ഷമെന്നാണ് കണക്കുകൾ. 2015 മുതലുള്ള കടുവ ആക്രമണത്തിന്റെ കണക്ക് മാത്രമാണ് വനംവകുപ്പിലുള്ളത്. മൃഗങ്ങൾ കാടിറങ്ങാൻ കാരണം കാട്ടിൽ ഭക്ഷണം കുറയുന്നതാണെന്ന് വിലയിരുത്തുന്നു. മഞ്ഞക്കൊന്ന അടക്കമുള്ള അധിനിവേശ സസ്യങ്ങൾ കാട്ടിൽ വ്യാപകമായതോടെ പുല്ലു വർഗത്തിലുള്ള സസ്യങ്ങൾ കുറയുന്നുണ്ട്. ഇത് കാരണമാണ് സസ്യഭുക്കുകളായ മൃഗങ്ങൾ കാടിറങ്ങുന്നതെണ് വനംവകുപ്പിന്റെയും വന്യജീവി സംരക്ഷകരുടെയും വിലയിരുത്തൽ. കാട്ടിൽ തീറ്റ കുറയുന്നതോടെ ഇരതേടി കടുവകളും നാട്ടിലേക്ക് ഇറങ്ങുന്നു.


84 കടുവകൾ
ഈ വർഷം ഏപ്രിൽ 10 മുതൽ മേയ് 15 വരെ വയനാട്ടിലെ കണക്കെടുപ്പിൽ 84 കടുവകളെ കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തിൽ 69, നോർത്ത് വയനാട് ഡിവിഷനിൽ 8, സൗത്ത് വയനാട് ഡിവിഷനിൽ 7. 29 ആൺ കടുവകളെയും 47 പെൺ കടുവകളെയും തിരിച്ചറിഞ്ഞു. 297 സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചായിരുന്നു പഠനം.

വാകേരി മൂടക്കൊല്ലിയിൽ കടുവ ആക്രമിച്ച് കൊന്നുതിന്ന പ്രജീഷിന്റെ (36) മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഏറ്റെടുക്കാതെ ബന്ധുക്കളടക്കം നടത്തിയ കടുത്ത പ്രതിഷേധമാണ് കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിറക്കാൻ വനംവകുപ്പിനെ നിർബന്ധിതമാക്കിയത്. ഉത്തരവിറക്കാതെ പിന്മാറില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ നാട്ടുകാർ. ഉത്തരവിറങ്ങിയതോടെയാണ് ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിക്കുമുന്നിൽ മൂന്നു മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്നലെ രാവിലെ 11.30നാണ് പ്രജീഷിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായത്.


തുടർന്ന് നരഭോജി കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവിടാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും വ്യക്തമാക്കി. മോർച്ചറിക്ക് മുന്നിൽ ഉപവാസ സമരവും ആരംഭിച്ചു. അതിനിടെ വകുപ്പ് മന്ത്രിയുമായും സി.സി.എഫുമായി എം.എൽ.എ ബന്ധപ്പെട്ടു.

സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ആശുപത്രിയിലും പരിസരത്തും നിലയുറപ്പിച്ചു. അതിനിടെ ഒരു സംഘം വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് പ്രകടനവുമായി പോകുന്നതിനിടെ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീമിനു നേരെ തിരിഞ്ഞു. പൊലീസെത്തി ഡി.എഫ്.ഒയെ രക്ഷിച്ച് മോർച്ചറി ജീവനക്കാരുടെ മുറിയിലെത്തിച്ചു.

പ്രതിഷേധം ശക്തമായതോടെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവച്ച് കൊല്ലാൻ ഉത്തരവിട്ടതായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ എം.എൽ.എയെ അറിയിച്ചു. തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ച് പ്രജീഷിന്റെ മൃതദേഹം മോർച്ചറിയിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.