
''നമ്മളെ പേടിപ്പിക്കാൻ ശ്രമിക്കുന്നവരുടെ മനസ്സിന്റെ ഉള്ളറ പരിശോധിച്ചാൽ ഏതോ കാര്യങ്ങളിൽ അവർ നമ്മെ പേടിക്കുന്നതായി മനസ്സിലാകും! നമ്മളെ പേടിപ്പിച്ചു വിറപ്പിക്കാനാണ് അവരിൽ ചിലരുടെ ശ്രമമെന്നു കണ്ടാൽ, മനസ്സിൽ കുറിച്ചുവയ്ക്കുക: നമ്മുടെ നാവിൽ നിന്ന് അവരുടെ നിലനിൽപ്പിനുതന്നെ വെല്ലുവിളിയായേക്കാവുന്ന എന്തെങ്കിലും സംഗതികൾ പുറത്തുവരുമോയെന്ന ഭയപ്പാടുമായിരിക്കാം, അത്തരമൊരു ചെപ്പടിവിദ്യയ്ക്ക് അവരെ നിർബന്ധിതരാക്കുന്നത് !"" ഇത്രയും പറഞ്ഞ ശേഷം പ്രഭാഷകൻ വാത്സല്യപൂർവ്വം സദസ്യരെയെല്ലാവരേയും നോക്കി.
അവരെല്ലാവരും അദ്ദേഹത്തിന്റെ അടുത്ത വാക്കുകൾക്കായി കാതോർത്തിരിക്കുകയായിരുന്നു.''അപരിചിതരെ കാണുമ്പോൾ നായ കുരയ്ക്കുന്നത് അതിന്റെ ഭയംകൊണ്ടാണെന്ന് മൃഗങ്ങളുടെ മനഃശാസ്ത്രം പറയുന്നു. മനുഷ്യനും അതിൽനിന്ന് കാര്യമായ നിലയിൽ വ്യത്യസ്തനല്ലെന്നാണ് ആധുനിക മനഃശാസ്ത്രവും പറയുന്നത്. ശത്രുവെന്നു കരുതുന്ന ആളുകളെയും ക്ഷുദ്രജീവികളേയുമെന്നല്ല, തങ്ങൾക്ക് ദോഷമെന്നു സംശയിക്കുന്ന ജീവനില്ലാത്തവയേയും ഭയക്കുന്നതാണ് മനുഷ്യന്റെ അടിസ്ഥാന സ്വഭാവം!
ഉദാഹരണം പറഞ്ഞാൽ ബോംബെന്നു തെറ്റിദ്ധരിച്ച്, ബോംബു പോലുള്ളതിനെയെല്ലാം വല്ലാതങ്ങു ഭയന്നുകളയും!തോക്കാണെന്നു തെറ്റിദ്ധരിച്ച്, തോക്കുപോലുള്ള സർവ്വതിനേയും ഭയക്കും! പാമ്പുകൾ പോലുള്ളവ കണ്ടാൽ മാത്രമല്ല, പാമ്പെന്നു കേട്ടാലും, 'അയ്യോ, എവിടെയെന്ന് " ഭയന്നു നിലവിളിക്കുന്നതല്ലേ അടിസ്ഥാന മനുഷ്യസ്വഭാവം!അതായത്, മനുഷ്യന്റെ മനഃശാസ്ത്രത്തെക്കുറിച്ച് ഇത്തരമൊരു അടിസ്ഥാനത്തിൽ വിലയിരുത്തൽ നടത്തിയപ്പോഴാണ് തനിക്കു പേടിയുള്ളതിനെ കുരച്ചുപേടിപ്പിച്ച് അകറ്റി സ്വയം പ്രതിരോധം സൃഷ്ടിക്കുന്ന നായയ്ക്കും, സ്വന്തംതാത്പര്യങ്ങൾക്ക് വിഘാതമുണ്ടാക്കുന്നവരെയും, അപ്രകാരം വിഘാതമുണ്ടാക്കുമെന്ന് ഭയപ്പെടുന്നവരെയും പേടിപ്പിച്ച് അകറ്റി സ്വന്തം നില നന്നായി ഉറപ്പിച്ചു മുന്നേറുന്ന തന്ത്രം കരസ്ഥമാക്കിയ മനുഷ്യരേയും താരതമ്യം ചെയ്യാനിടയായത് ! നമ്മുടെ മിണ്ടാപ്രാണികൾക്ക് ഈ സ്വഭാവഗുണം ജന്മംകൊണ്ടു കിട്ടിയതാണെങ്കിലും , നമ്മളെ വിറപ്പിക്കുന്നത് കലയാക്കിയ ചിലർക്കതു കിട്ടിയത് സങ്കുചിത ചിന്തകൾകൊണ്ടല്ലേ എന്ന് പലപ്പോഴും തോന്നിയി ട്ടില്ലേ?""
പ്രഭാഷകൻ ഇത്രയും വിശദമായി പറഞ്ഞു നിറുത്തി സദസ്യരെ നോക്കുമ്പോൾ താനൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചോയെന്ന് സംശയം തോന്നിക്കുന്ന മുഖഭാവമായിരുന്നു മിക്കവരിലും കണ്ടത്. ''അപ്പോൾ, പേടിപ്പിച്ചാൽ നിങ്ങൾ പേടിക്കും, അല്ലേ?"" പ്രഭാഷകന്റെ തമാശ കേട്ട്, സദസ്യരിൽ ചിലരൊക്കെ ചിരിച്ചെങ്കിലും, മറ്റുചിലരുടെ മനസ്സിന്റെ കണ്ണിനു മുന്നിൽ, തങ്ങളെ കൃപ കൂടാതെ പീഡിപ്പിച്ച ചില മുഖങ്ങളായിരുന്നു തെളിഞ്ഞു വന്നിരുന്നത്!
''എന്തായാലും ഞാനൊരു കാര്യംപറയാം.""- പ്രഭാഷകൻ തുടർന്നു: ''പേടിപ്പിച്ചും വിറപ്പിച്ചുമുള്ള കുതിരകയറ്റം അത്ര വലിയ ആയുസ്സുള്ളൊരു പരിപാടിയായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. കമ്പോസ്റ്റു കുഴിയിലെ മണ്ണിരകളെ നോക്കി വായിൽ വെള്ളമൂറി കോഴിക്കുഞ്ഞുങ്ങൾ നടക്കാൻ തുടങ്ങിയിട്ട് രണ്ടു മൂന്നു ദിവസങ്ങളായി. ആഴമുള്ള കുഴിയായതിനാൽ അതിലിറങ്ങാനുള്ള എളുപ്പവഴിയും കണ്ടുപിടിച്ചു. കോഴിക്കുഞ്ഞുങ്ങൾ അപ്രകാരം മണ്ണിര മുഴുവനും തിന്നുതീർക്കുമെന്നു ഭയന്ന് രണ്ടുമൂന്നു ദിവസങ്ങളായി അവിടെ കാവലിരിപ്പാണ് ദുഷ്ടനായ പൂവൻകോഴി.
അവന്റെ കറുത്ത നിറവും കഴുകൻ നോട്ടവും കാണുമ്പോൾത്തന്നെ കോഴിക്കുഞ്ഞുങ്ങൾ ജീവനുംകൊണ്ടോടും. അവ ഓടിയാൽത്തന്നെ ആ ദുഷ്ടൻ പിന്നാലെയോടി എല്ലാത്തിനെയും കൊത്തും.
പലതവണ അപ്രകാരം അവയ്ക്ക് കൊത്തുകിട്ടിയിട്ടുമുണ്ട്. എന്നാൽ ആ ദുഷ്ടൻ തിന്നുകയുമില്ല, തങ്ങളെ തീറ്റിക്കുകയുമില്ല എന്നതായി സ്ഥിതി. എന്നാലിപ്പോൾ കോഴിക്കുഞ്ഞുങ്ങൾ കമ്പോസ്റ്റു കുഴിക്കു സമീപം പാത്തുപതുങ്ങി ചെന്നപ്പോൾ ആ ദുഷ്ടനെ അവിടെയെങ്ങും കാണുന്നില്ല. അവൻ എവിടെയെങ്കിലുംപതുങ്ങിയിരുന്ന് തങ്ങളെ വീണ്ടും കൊത്തുമോ എന്ന ഭയപ്പാടിലായിരുന്നു അവറ്റകൾ.
പെട്ടെന്നാണ് ഒരു കോഴിയുടെ ദീനരോദനം കമ്പോസ്റ്റു കുഴിയിൽ നിന്നു കേട്ടത്. കുഴിയിലേക്ക് അവർ നോക്കിയപ്പോൾ കണ്ട കാഴ്ച ഭയാനകമെങ്കിലും വളരെ ആശ്വാസമുള്ളതായിരുന്നു! കോഴിക്കുഞ്ഞുങ്ങളാരും കാണാതെ രഹസ്യമായി കമ്പോസ്റ്റുകുഴിയിലെ മണ്ണിരസദ്യയുണ്ണാൻ ഇറങ്ങിയ ആ പൂവനെ, അവിടെ സ്ഥിരതാമസമാക്കിയിരുന്ന കീരി ചാടിവീണ് ഒറ്റക്കടി. പൂവന്റെ തല തന്നെ കീരിയുടെ വായിലായി! അതെ, ഓടിയവരേക്കാൾ മുന്നേ, ഓടിച്ചവൻ വീണു!
വലിച്ചുമുറുക്കിയ വള്ളി എപ്പോൾ വേണമെങ്കിലും പൊട്ടിപ്പോകാമെന്നു പറയുന്നതു പോലെ, കെട്ടുപൊട്ടി സംഗതി കൈവിട്ടുപോയാൽ ഇക്കൂട്ടരുടെ വീഴ്ചയുടെ ആഘാതം പരമദയനീയമായിരിക്കും! അതാണ് പ്രകൃതിനിയമം. അപ്രകാരം തന്നെയാണ് ചരിത്രത്തിലെ രേഖപ്പെടുത്തലുകളും!"" ഇപ്രകാരം പ്രഭാഷകൻ പറഞ്ഞു നിർത്തുമ്പോൾ, ഓർമ്മകളുടെ ചവറ്റുകുട്ടയിൽപ്പോലും തങ്ങൾ സൂക്ഷിക്കാനിഷ്ടപ്പെടാത്ത ചില മുഖങ്ങളെ വീണ്ടും ഒഴിവാക്കുന്ന ശ്രമത്തിലായിരുന്നു സദസ്യരിൽ മിക്കവരും!