
മറ്റുള്ളവർ നമ്മളോടു ചെയ്ത തെറ്റുകൾ ഓർത്ത് ജീവിതം മുഴുവൻ മനസ്സിൽ ഉണങ്ങാത്ത മുറിവുമായി കഴിയുന്ന എത്രയോ പേരുണ്ട്. പ്രതികാര ചിന്തയിൽ ഉള്ളം നീറിക്കഴിയുന്നവരും ധാരാളമാണ്. ജീവിതത്തിൽ തെറ്റു പറ്റാത്തവരും തെറ്റു ചെയ്യാത്തവരുമായി ആരും ഉണ്ടാവുകയില്ല. നമ്മൾ എത്ര തെറ്റു ചെയ്താലും നമ്മളെ നമ്മൾ തള്ളാറില്ല. നമ്മുടെ കുഞ്ഞുങ്ങൾ തെറ്റു ചെയ്താലും നമ്മൾ വേഗം ക്ഷമിക്കും. ക്ഷമിക്കാനും പൊറുക്കാനുമുള്ള കഴിവ് എല്ലാവരിലുമുണ്ടെന്നാണ് ഇത് കാണിക്കുന്നത്.
എന്നാൽ മറ്റുള്ളവർ നമ്മോട് തെറ്റു ചെയ്താൽ അതു ക്ഷമിക്കാൻ നമ്മൾ മടിക്കുന്നു. വിഷമവും പ്രതികാരചിന്തയും വർഷങ്ങളോളം കൂടെ കൊണ്ടുനടക്കുന്നു. മറ്റൊരാൾ മരിക്കാൻ നമ്മൾ വിഷം കഴിക്കുന്നതു പോലെയാണ് ഇത്. മനസ്സിൽ ഇത്തരം ഭാരം പേറി നമ്മൾ സ്വയം രോഗികളാകുന്നു. നമ്മൾ നമ്മളോട് ക്ഷമിക്കുന്നതുപോലെ മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാനും പൊറുക്കാനും മറക്കാനും തയ്യാറായാലേ സന്തോഷ പൂർണ്ണമായ ജീവിതം സാദ്ധ്യമാവൂ.
ക്ഷമിക്കൽ എന്നത് മുന്നോട്ടുള്ള ഗമിക്കലാണ്. പകയും വിദ്വേഷവും സങ്കുചിത മനസ്സിന്റെ ലക്ഷണമാണ്. നേരെമറിച്ച് ക്ഷമിക്കാനും പൊറുക്കാനും കഴിയുന്നത് വിശാലതയുടെയും നല്ല സംസ്കാരത്തിന്റെയും ലക്ഷണവും.ഭൗതികമായി സർവ്വസൗഭാഗ്യങ്ങളുമുള്ള രാജാവായിരുന്നു ദുര്യോധനൻ. എന്നാൽ അയാളുടെ ഉള്ളം സദാ പാണ്ഡവരോടുള്ള അസൂയയും വിദ്വേഷവും നിറഞ്ഞിരുന്നു. മറിച്ച് യുധിഷ്ഠിരന്റെ ഉള്ളിൽ തങ്ങളെ ദ്രോഹിച്ച കൗരവരോട് ഒട്ടും പകയോ വിദ്വേഷമോ ഉണ്ടായിരുന്നില്ല.
ദുര്യോധനന്റെ മനസ്സ് കെട്ടിക്കിടക്കുന്ന പൊട്ടക്കുളം പോലെയായിരുന്നുവെങ്കിൽ കളകളാരവം പൊഴിച്ചൊഴുകുന്ന നിർമ്മലമായ അരുവി പോലെയായിരുന്നു യുധിഷ്ഠിരന്റെ മനസ്സ്. കൗരവർ ചെയ്ത ഓരോ തെറ്റും അപ്പപ്പോൾ അദ്ദേഹം ക്ഷമിക്കുകയും മറക്കുകയും ചെയ്തു. അതിനാൽ കാട്ടിൽ ദാരിദ്ര്യത്തിൽ കഴിയുമ്പോഴും അദ്ദേഹത്തിന്റെ മനസ്സ് സദാ പ്രസന്നമായിത്തന്നെ നിലകൊണ്ടു. പാണ്ഡവർ കഷ്ടപ്പെടുന്നതു കണ്ട് സന്തോഷിക്കാൻ വേണ്ടി കാട്ടിലെത്തിയ കൗരവരെ ഗന്ധർവ്വരാജാവ് പിടിച്ചുകെട്ടിയപ്പോൾ യുധിഷ്ഠിരൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്- കുരുവംശത്തിൽപ്പെട്ടവരും മറ്റുള്ളവരും തമ്മിൽ പ്രശ്നമുണ്ടാകുമ്പോൾ നമ്മൾ അഞ്ചുപേരല്ല, നൂറ്റഞ്ചുപേരാണ്!
യുധിഷ്ഠിരൻ പ്രകടിപ്പിച്ച ഈ വിശാലഭാവം നമുക്കെല്ലാവർക്കും പാഠമാകേണ്ടതാണ്. വാസ്തവത്തിൽ നമ്മളെല്ലാം ഒരേ ലോക കുടുംബത്തിലെ അംഗങ്ങളാണല്ലോ. അറിവുള്ളവരാരും ഒരിക്കലും മറ്റുള്ളവർക്ക് ദ്രോഹം ചെയ്യുകയില്ല. ആരെങ്കിലും നമ്മെ ദ്രോഹിക്കുന്നുവെങ്കിൽ അവർ രോഗികളെപ്പോലെയാണ്. രോഗികളെ നമ്മൾ വെറുക്കാറില്ലല്ലോ. ഒരു ഭ്രാന്തൻ നമ്മളെ ചീത്തവിളിച്ചാൽ അയാൾ ഭ്രാന്തനാണെന്നു കരുതി നമ്മൾ ക്ഷമിക്കാറില്ലേ?
ഒരു കാക്ക നമ്മുടെ മേൽ കാഷ്ഠിച്ചാൽ നമ്മൾ അത് കഴുകി വൃത്തിയാക്കുമെന്നല്ലാതെ കാക്കയോട് ദേഷ്യമുണ്ടാകുമോ? ആഹാരം കഴിക്കുന്നതിനിടയിൽ അറിയാതെ നാവു കടിച്ചുപോയാൽ പല്ലിനോട് ദേഷ്യം വരുമോ? പല്ലും നാക്കുമെല്ലാം ഒരേ ജീവന്റെ ഭാഗമാണല്ലോ. ഇതുപോലൊരു ഭാവം നമ്മളോടു തെറ്റുചെയ്യുന്ന ഏതൊരാളോടും നമുക്കുണ്ടായിരിക്കണം.
മറ്റുള്ളവരിൽ നമ്മെത്തന്നെ കണ്ട് ക്ഷമിക്കുകയും പൊറുക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു ഭാവത്തിലേക്ക് നമ്മൾ ഉയരുകയാണ് വേണ്ടത്. മനുഷ്യജീവിതം തന്നെ അതിനായുള്ളതാണ്.