mohan-yadav

ഭോപ്പാൽ: മദ്ധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി മോഹൻ യാദവ് (58) തിരഞ്ഞെടുക്കപ്പെട്ടു. ശിവ്‌രാജ് സിംഗ് ചൗഹാനെ തഴഞ്ഞാണ് ദക്ഷിണ ഉജ്ജയിനിലെ എംഎൽഎയും മുൻ വിദ്യാഭ്യാസ മന്ത്രിയും ഒബിസി നേതാവുമായ മോഹൻ യാദവിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്‌ചയോളം പിന്നിടുമ്പോഴാണ് പുതിയ മുഖ്യമന്ത്രിയെ നിയോഗിക്കുന്നത്.

ജഗ്ദീഷ് ദിയോര, രാജേഷ് ശുക്ള എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമ‌‌‌ർ ആണ് സ്‌പീക്ക‌‌ർ സ്ഥാനത്തേയ്ക്ക് നിയോഗിക്കപ്പെട്ടത്. ശിവ്‌‌രാജ് സിംഗ് ചൗഹാന് നിലവിൽ പദവികൾ നൽകിയിട്ടില്ല. അതേസമയം, ചൗഹാനെ തഴഞ്ഞതിൽ പ്രതിഷേധവുമായി അണികൾ രംഗത്തെത്തിയിട്ടുണ്ട്.

ബഹളങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ് മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ. വനിതാ ശാക്തീകരണത്തിന് ചൗഹാൻ നടപ്പാക്കിയ ലാഡ്‌ലി ബെഹൻ ലാഡ്‌ലി ലക്ഷ്‌മി പദ്ധതികൾക്ക് വിജയത്തിൽ വലിയ പങ്കുണ്ടെന്നും അദ്ദേഹത്തെ മാറ്റിനിർത്തിയത് നന്ദികേടാണെന്നും അനുയായികൾ പറയുന്നു.

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിംഗ് തോമർ,​ ഒ. ബി. സി നേതാവായ പ്രഹ്ലാദ് പട്ടേൽ, ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ, പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ വി. ഡി ശർമ്മ, തുടങ്ങിയ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് സജീവമായി ഉയർന്നുകേട്ടിരുന്നു.