
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് വ്യക്തമാക്കി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു രഞ്ജിത്ത് സിനിമയെ കുറിച്ചും രാഷ്‌ട്രീയത്തെ കുറിച്ചും വിശദമാക്കിയത്.
''കോഴിക്കോട് കേരളസദസ് നടന്നപ്പോൾ ഞാൻ പോയില്ല. സിഎം അത് ചിന്തിച്ചിട്ടുമില്ല. ഫെസ്‌റ്റിവലുമായി ബന്ധപ്പെട്ട് എനിക്ക് വിജയേട്ടനെ ഒന്ന് കാണണമായിരുന്നു. ഞാൻ വീട്ടിലുണ്ടെന്ന് അറിഞ്ഞപ്പോൾ ഈ തിരക്കിലേക്ക് വിളിച്ചുകൊണ്ട് വരണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. അത്ര കൂളാണ്.
ഒരുപാട് കാര്യങ്ങളിൽ എനിക്ക് വളരെയധികം ഇഷ്‌ടവും ബഹുമാനവുമുള്ളയാളാണ് പിണറായി വിജയൻ. അക്കാദമിയുമായി ബന്ധപ്പെട്ട് പുള്ളി തരുന്ന സ്വാതന്ത്യമാണ് ഒന്ന്. കഴിഞ്ഞ സ്റ്റേറ്റ് അവാർഡിന്റെ സമയത്ത് ഇദ്ദേഹം വരുമോ എന്ന് മന്ത്രി സജി ചെറിയാന് പോലും ഉറപ്പില്ല. കാരണം അന്ന് നിയമസഭ നടക്കുകയാണ്. അതുകഴിഞ്ഞ് പുള്ളി കാബിനറ്റും വച്ചിട്ടുണ്ട്. പുള്ളിയുടെ അടുത്തൊരാളെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു; വന്നേ പറ്റുള്ളൂ. ഉടനെ കോൾ വന്നൂ, 6 മണിക്ക് റെഡിയാകുമെങ്കിൽ 6.30 വരെ ഞാനിരിക്കാം എന്നായി അദ്ദേഹം. ഇത് സജി ചെറിയാൻ പോലും അറിഞ്ഞില്ല.
ആദ്യം പ്രധാന അവാർഡുകൾ കൊടുക്കാമെന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ താഴേന്ന് തുടങ്ങുകയാണ്. നിയമസഭയുടെ സെഷൻ തീരുമ്പോൾ ഞാൻ ഉണ്ടാകണമെന്നാണ് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. 15 മിനുട്ട് കൊണ്ട് തീർക്കാമെന്നായി ഞാൻ. തീരുമോ എന്ന് സിഎം സംശയം പ്രകടിപ്പിച്ചു. തീർക്കാമെന്ന് പറഞ്ഞു. സെക്രട്ടറി അജോയ് സാറെ എന്ന് വിളിച്ചുകൊണ്ട് വന്നു. ഇനി ആ മനുഷ്യൻ ഇറങ്ങിപ്പോകും. അങ്ങേര് ഇങ്ങോട്ട് കാണിക്കുന്ന മര്യാദ അങ്ങോട്ട് കാണിക്കണ്ടേ? എന്ന് ഞാൻ തിരിച്ചുചോദിച്ചു''-രഞ്ജിത്തിന്റെ വാക്കുകൾ.