
ന്യൂയോർക്ക് : ചൈനീസ് ഗ്രാമങ്ങളിൽ എയ്ഡ്സ് രോഗം പടരുന്നത് പുറംലോകത്തെ അറിയിച്ച ഡോ. ഗാവോ യാവോജി ( 95 ) ന്യൂയോർക്കിൽ അന്തരിച്ചു. 1927ന് ഷാങ്ഡോങ് പ്രവിശ്യയിലാണ് ഗൈനക്കോളജിസ്റ്റായ ഗാവോയുടെ ജനനം. 1996ൽ ഹെനാനിൽ ജോലിനോക്കവെയാണ് വിട്ടുമാറാത്ത അസുഖങ്ങളുമായി ഒട്ടേറെപ്പേരെത്തിയത്. പരിശോധനയിൽ എയ്ഡ്സ് ആണെന്ന് തെളിഞ്ഞു.
80കളിലും 90കളിലും ചൈനയിലെ ഗ്രാമപ്രദേശങ്ങളിൽ ഉപജീവനത്തിനായി പാവങ്ങൾ രക്തം വിൽക്കുന്നത് പതിവായിരുന്നു. എയ്ഡ്സ് രോഗികളിൽ നിന്നുൾപ്പെടെ രക്തം ശേഖരിക്കപ്പെട്ടു. ഇത് ദാനം ചെയ്തതിലൂടെ മറ്റുള്ളവരിലേക്ക് എയ്ഡ്സ് പടർന്നു. സർക്കാർ മറച്ചുവച്ചെങ്കിലും ഗാവോ ഇതിനെതിരെ പ്രതികരിച്ചു.
100ലേറെ ഗ്രാമങ്ങൾ സന്ദർശിച്ച ഗാവോ 1,000ത്തിലേറെ എയ്ഡ്സ് ബാധിത കുടുംബങ്ങൾക്ക് സ്വന്തം ചെലവിൽ ഭക്ഷണവും വസ്ത്രവും നൽകി.
ഗാവോയുടെ ശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതോടെ സർക്കാർ രക്ത വിൽപ്പന നിരോധിച്ചു. 740,000 പേർക്ക് എയ്ഡ്സ് ബാധിച്ചെന്നാണ് സർക്കാർ കണക്ക്. എന്നാൽ, ഒരു കോടി കേസുകളുണ്ടെന്ന് ഗാവോ വാദിച്ചു. സർക്കാർ ഭീഷണി ശക്തമായതോടെ ഗാവോയും കുടുംബവും 2009ൽ ന്യൂയോർക്കിലെത്തി. ഭർത്താവ് ഗുവോ മിൻജിയു 2006ൽ നിര്യാതനായി. മൂന്ന് മക്കളുണ്ട്.