രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ക്യാപ്ടൻ സഞ്ജു സാംസൺ ഇല്ലാതെ വിജയ്ഹസാരേ ട്രോഫിയുടെ ക്വാർട്ടർ ഫൈനലിനിറങ്ങിയ കേരളത്തിന് കനത്ത തോൽവി. രോഹൻ കുന്നുമ്മൽ നയിച്ച കേരളത്തെ 200 റൺസിന് രാജസ്ഥാനാണ് തോൽപ്പിച്ചത്. ഇതോടെ കേരളത്തിന്റെ സെമിപ്രതീക്ഷകൾ തകർന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 267 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 21 ഓവറിൽ 67/9എന്ന സ്കോറിൽ ഒതുങ്ങി. പരിക്കേറ്റ വിഷ്ണു വിനോദ് റിട്ടയേർഡ് ഹർട്ടാകുകയായിരുന്നു. ഏഴോവറിൽ വെറും നാല് റൺസ്മാത്രം നൽകി നാല് വിക്കറ്റ് വീഴ്ത്തിയ അനികേത് ചൗധരിയാണ് കേരളത്തെ തകർത്തത്. അറാഫത്ത് ഖാൻ മൂന്ന് വിക്കറ്റും ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി. മൂന്ന് ബൗളർമാരെ മാത്രം ഉപയോഗിച്ചാണ് രാജസ്ഥാൻ കേരളത്തെ എറിഞ്ഞിട്ടത്. 28 റൺസെടുത്ത സച്ചിൻ ബേബിയും 11 റൺസെടുത്ത രോഹൻ കുന്നുമ്മലും മാത്രമാണ് കേരള നിരയിൽ രണ്ടക്കം കടന്നത്. അവസാന വിക്കറ്റായാണ് സച്ചിൻ പുറത്തായത്.
മഹാരാഷ്ട്രയ്‌ക്കെതിരായ പ്രീ ക്വാർട്ടറിൽ സെഞ്ച്വറിയുമായി തിളങ്ങിയ ഓപ്പണർ കൃഷ്ണപ്രസാദ് ക്വാർട്ടറിൽ ഏഴ് റൺസിന് പുറത്തായി. മുഹമ്മദ് അസ്ഹറുദ്ദീൻ (3), ശ്രേയസ് ഗോപാൽ (0), അബ്ദുൽ ബാസിത് (1) എന്നിവരെല്ലാം തീർത്തും പരാജയമായി. വിഷ്ണു വിനോദ് നേരിട്ട ആദ്യ പന്തിൽ തന്നെ പരിക്കേറ്റ് മടങ്ങി.
മഹിപാൽ ലോംറോറിന്റെ സെഞ്ചുറി മികവിലാണ് രാജസ്ഥാൻ 267 റൺസെടുത്തത്. 114 പന്തുകൾ നേരിട്ട ലോംറോർ ആറ് വീതം സിക്‌സും ഫോറുമടക്കം 122 റൺസോടെ പുറത്താകാതെ നിന്നു. 52 പന്തിൽ നിന്ന് 66 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ കുനാൽ സിംഗ് റാത്തോഡ് ലോംറോറിന് ഉറച്ച പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റിൽ ഇരുവരും 116 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.