
ശബരിമല നമുക്ക് ഒരു തീർത്ഥാടന കേന്ദ്രം മാത്രമല്ല. വ്രതമെടുത്ത് അയ്യപ്പദർശനത്തിനും മകരവിളക്ക് ദർശനത്തിനുമെത്തുന്നത് ഹൈന്ദവ വിശ്വാസികൾ മാത്രവുമല്ല. മാലയിട്ടും കറുത്ത മുണ്ടുടുത്തും കല്ലും മുള്ളും നിറഞ്ഞ കാനനപാത ചവിട്ടി ശ്രീധർമ്മശാസ്താവിന്റെ ശരണപാദം തേടിയെത്തുന്ന സ്വാമിഭക്തർ പങ്കുവയ്ക്കുന്ന മതേതര ദർശനത്തിന്റെ സൗന്ദര്യം കൂടിയുണ്ട്, അതിൽ. മണ്ഡല- മകരവിളക്ക് സീസൺ ആണ് ശബരിമല തീർത്ഥാടകരുടെ തിരക്കേറിയ സമയമെന്ന്, സ്വാമിമാർക്ക് സുരക്ഷിതവും സൗകര്യപൂർണവുമായ ദർശനമൊരുക്കാൻ ഉത്തരവാദിത്വമുള്ള ദേവസ്വം ബോർഡിനും പൊലീസിനും സർക്കാരിനും നന്നായി അറിയാം. പക്ഷേ, കഴിഞ്ഞ രണ്ടുദിവസങ്ങളിലായി, ദർശനപുണ്യത്തിന് ശബരിമല തീർത്ഥാടകർ നേരിടേണ്ടിവരുന്ന നകരയാതനകൾ കേട്ടാൽ തോന്നുക, ഈ തിരക്ക് അഭൂതപൂർവമെന്നോ അപ്രതീക്ഷിതമെന്നോ ആണ്!
സന്നിധാനത്തേക്കു നീളുന്ന ക്യൂവിൽ പതിനെട്ടും ഇരുപതും മണിക്കൂറുകൾ ദാഹജലത്തിനോ, പ്രാഥമിക കൃത്യങ്ങൾക്കു പോലുമോ സൗകര്യമില്ലാതെ കാത്തുനിൽക്കേണ്ടിവരുന്ന അനുഭവത്തെ നരകതുല്യമെന്നേ വിശേഷിപ്പിക്കാനാകൂ. കൊച്ചുകുഞ്ഞുങ്ങളുമായി എത്തുന്നവരും, പ്രായംചെന്നവരും നേരിടേണ്ടിവരുന്ന ദുരിതയാതനകളെക്കുറിച്ച് എന്തു പറയും? ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രം ദർശനത്തിന് ബുക്ക് ചെയ്തിരുന്ന തീർത്ഥാടകരുടെ എണ്ണം ഒരുലക്ഷത്തിലധികമാണ്. ഇന്നലെ 90,000. പ്രത്യേക വിശേഷദിവസങ്ങളായിരുന്നില്ല ഇതൊന്നും. കുഞ്ഞുങ്ങളുമായെത്തുന്നവർക്കും വയോധികർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നതാണ്. ശബരിമലയിലെ തിരക്ക് സംബന്ധിച്ച ഹർജി കേൾക്കവേ, സുരക്ഷിത ദർശനത്തിന് സൗകര്യമൊരുക്കണമെന്ന് ബഹുമാനപ്പെട്ട കോടതി ഇന്നലെയും ആവർത്തിച്ചു.
കോടതി പറഞ്ഞിട്ടു വേണോ, ദർശനത്തിനെത്തുന്ന ഭക്തർക്ക് സൗകര്യമൊരുക്കണമെന്ന് അധികൃതർക്കു ബോധോദയമുണ്ടായാകാൻ! എന്നിട്ടും, ഞായറാഴ്ചത്തെ നിയന്ത്രണാതീതമായ തിരക്ക് മാദ്ധ്യമങ്ങളിലെല്ലാം വാർത്തയായിട്ടും, ദർശന സമയം ഒരുമണിക്കൂർ കൂട്ടിയതല്ലാതെ എന്തെങ്കിലും അധികസൗകര്യം ഏർപ്പെടുത്താൻ ദേവസ്വം ബോർഡോ സംസ്ഥാന സർക്കാരോ മനസ്സുവച്ചതായി ഒരുലക്ഷണവും കണ്ടില്ല. അതിനു പകരം, പാളിച്ച സംഭവിച്ചത് ദേവസ്വം ബോർഡിനോ പൊലീസിനോ എന്ന തർക്കത്തിനായിരുന്നു തിരക്ക്! ശബരിമല തീർത്ഥാടകരിൽ ഏറിയപങ്കും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരാണ്. അതിർത്തി കടക്കുമ്പോൾ മുതൽ അവർ സംസ്ഥാനത്തിന്റെ അതിഥികളാണ്. അതിഥികളെ ദേവന്മാരായി പരിഗണിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. അത്തരം എന്തെങ്കിലും പരിഗണന ശബരിമല തീർത്ഥാടകരുടെ കാര്യത്തിലുണ്ടോ?
വരുമാനത്തിന്റെ കാര്യത്തിലാകട്ടെ, കേരളത്തിലെ മറ്റേതെങ്കിലും ആരാധനാലയത്തിലെത്തുന്നതിന്റെ എത്രയോ ഇരട്ടിയാണ് ശബരിമലയിലെ വരവ്. കഴിഞ്ഞ മണ്ഡല- മകരവിളക്കു സീസണിലെ മാത്രം വരുമാനം ഏകദേശം 351 കോടിയിലധികമായിരുന്നു. ദർശനം നടത്തിയത് മൂന്നുകോടിയിലേറെ ഭക്തർ. ഇത്തവണ മണ്ഡലപൂജയ്ക്ക് നടതുറന്നിട്ട് 25 ദിവസം പിന്നിട്ടതേയുള്ളൂ. മകരവിളക്കിന് ഇനിയുമുണ്ട്, ഒരുമാസത്തിലധികം സമയം. തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സംസ്ഥാനത്തെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രത്തിൽ ഏർപ്പെടുത്തുന്ന സൗകര്യങ്ങളുടെ അപര്യാപ്തത വെളിപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസത്തെ നരകക്കാഴ്ചകൾ.
ഇന്നലെ ശബരിലമയിലെ തിരക്കുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചത്, എല്ലാം നിയന്ത്രണവിധേയമാണെന്നാണ്! ഇന്ന് ഹർജി വീണ്ടും പരിഗണിക്കുന്നുണ്ട്. കോടതി വടിയെടുത്താലേ ദേവസ്വവും സർക്കാരും അനങ്ങൂ എന്നുവരുന്നത് സങ്കടകരമാണ്. ദിനംപ്രതി വർദ്ധിക്കുന്ന തീർത്ഥാടകത്തിരക്ക് നിയന്ത്രണ വിധേയമാക്കാനും, ദർശനത്തിന് വേണ്ടിവരുന്ന അതിദീർഘമായ കാത്തുനിൽപ് പരമാവധി കുറയ്ക്കാനും അടിയന്തരമായി ആലോചിച്ച് ക്രിയാത്മക പദ്ധതി നടപ്പാക്കിയില്ലെങ്കിൽ മകരവിളക്ക് അടുക്കുമ്പോഴേക്കും സ്ഥിതി പ്രവചനാതീതമാകും. ഇതിനുള്ള വിവേകം ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും സർക്കാരിന്റെ ഭാഗത്തു നിന്നും എത്രയും വേഗം ഉണ്ടാകണം.