blasters

കൊച്ചി : മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ ഐ.എസ്.എൽ റഫറിമാരെ പരസ്യമായി വിമർശിച്ചതിന് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് വിലക്കും പിഴയും. ചെന്നൈയിൻ എഫ്.സിക്കെതിരേ 3-3ന് സമനിലയിൽ കലാശിച്ച മത്സരത്തിന് ശേഷം റഫറിമാരെ വിമർശിച്ചതിന് ആൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ ഒരു മത്സര വിലക്കും 50,000 രൂപ പിഴയുമാണ് ചുമത്തിയത്. എ.ഐ.എഫ്.എഫിന്റെ അച്ചടക്ക സമിതിയാണ് നടപടിയെടുത്തത്. കഴിഞ്ഞ സീസണിൽ ബെംഗളുരു എഫ്.സിക്കെതിരെ റഫറി ഫ്രീ കിക്ക് അനുവദിച്ചതിൽ പ്രതിഷേധിച്ച് മത്സരം ബഹിഷ്കരിച്ചതിന് വുകോമനോവിച്ച് വിലക്കും പിഴയും അനുഭവിച്ചിരുന്നു.

മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ റഫറിമാരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകൾ എടുത്ത് പറഞ്ഞായിരുന്നു വുകോമനോവിച്ചിന്റെ വിമർശനം. ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പിന്നാക്കം പോയാൽ അതിന്റെ ഉത്തരവാദികൾ കളിക്കാരോ പരിശീലകരോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഇതോടെ 14-ാം തീയതി പഞ്ചാബ് എഫ്‌.സിക്കെതിരായ മത്സരത്തിൽ വുകോമനോവിച്ച് ടീമിനൊപ്പമുണ്ടാകില്ല.