
കൊച്ചി: ബോബെ ഓഹരി സൂചികയായ സെൻസെക്സ് 70,057 വരെ ഉയർന്ന് ഇന്നലെ റെക്കാഡിട്ടു ദേശീയ സൂചികയായ നിഫ്റ്റിയും 21,026 എന്ന പുതിയ ഉയരത്തിലെത്തി. എന്നാൽ നിക്ഷേപകർ ലാഭമെടുത്തതോടെ സെൻസെക്സ് 102.95 പോയിന്റ് നേട്ടവുമായി 69,928 ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി 27.70 പോയിന്റ് നേട്ടത്തോടെ 20,997 ൽ അവസാനിച്ചു.
ഐ.സി.ഐ.സി.ഐ ബാങ്ക്, അൾട്രാടെക്ക് സിമന്റ്, ഐ.ടി.സി, നെസ്ലേ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, പവർ ഗ്രിഡ് കോർപ്പറേഷൻ, എൻ.ടി.പി.സി എന്നിവയുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയ പ്രമുഖർ. ചരിത്രത്തിലാദ്യമായി പഞ്ചാബ് നാഷണൽ ബാങ്കിന്റെ വിപണി മൂല്യം ഇതാദ്യമായി ഒരു ലക്ഷം കോടി കവിഞ്ഞു. ആഭ്യന്തര മൊത്തം ഉത്പാദനത്തിലുണ്ടായ 7.6 ശതമാനം വളർച്ചയും സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നടത്തിയ മുന്നേറ്റവുമാണ് നിക്ഷേപകർക്ക് ആവേശം സൃഷ്ടിച്ചത്. യു.എസ് ബാേണ്ടുകളുടെ വരുമാനം കുറഞ്ഞതും ഡോളറിന്റെ ദൗർബല്യവും കണക്കിലെടുത്ത് വിദേശ നിക്ഷേപകർ ഇന്ത്യയിലേക്ക് വൻതോതിൽ പണമൊഴുക്കുകയാണ്.