cricket

ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 ഇന്ന് ക്വെബേഹയിൽ

8.30 pm മുതൽ സ്റ്റാർ സ്പോർട്സിലും ഡിസ്നി ഹോട്ട്‌സ്റ്റാറിലും

ക്വെബേഹ( പോർട്ട് എലിസബത്ത്) : ഞായറാഴ്ച ഡർബനിൽ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴയെടുത്തുപോയതിനാൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് ക്വെബേഹയിൽ തുടക്കമാകും. ദക്ഷിണാഫ്രിക്കൻ തുറമുഖ നഗരമായ പോർട്ട് എലിസബത്താണ് 2021 മുതൽ പ്രാദേശിക ഭാഷയിലേക്ക് പേരുമാറ്റി ക്വെബേഹയായത്. ഡർബനിൽ ഒറ്റപ്പന്തുപോലും എറിയാൻ അനുവദിക്കാതെയാണ് മഴ കളി മുടക്കിയത്. ക്വെബേഹയിലും മഴയ്ക്കുള്ള സാദ്ധ്യതയാണ് കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നത്.

അടുത്തവർഷത്തെ ലോകകപ്പിനുള്ള യുവതാരങ്ങളെ ഒരുക്കിയെടുക്കാനാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഈ ട്വന്റി-20 പരമ്പരയിലൂടെ ലക്ഷ്യമിടുന്നത്.

ലോകകപ്പിന് ശേഷം ഓസ്ട്രേലിയയ്ക്ക് എതിരെ അഞ്ചു ട്വന്റി-20കളുടെ പരമ്പര 4-1ന് ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. അതേസമയം ഓസ്ട്രേലിയയുമായി ഏകദിന ലോകകപ്പിന്റെ സെമിയിൽ തോറ്റശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നത്.

ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യയെ നയിച്ച സൂര്യകുമാർ യാദവ് തന്നെയാണ് ഈ പരമ്പരയിലും ഇന്ത്യൻ നായകൻ. ഓസ്ട്രേലിയയ്ക്ക് എതിരായ പരമ്പരയിൽ നിന്ന് വിട്ടുനിന്ന കെ.എൽ രാഹുലും ട്വന്റി-20യ്ക്ക് ഇല്ല. ഏകദിനത്തിൽ നായകനായി രാഹുൽ തിരിച്ചെത്തും. ലോകകപ്പിന് ശേഷം കരാർ പുതുക്കാൻ താത്പര്യപ്പെടാതിരുന്ന കോച്ച് രാഹുൽ ദ്രാവിഡാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യയെ പരിശീലിപ്പിക്കുന്നത്.

ട്വന്റി-20 പരമ്പരയിൽ ഇരുടീമുകളും യുവനിരയെയാണ് വിന്യസിക്കുന്നത്. ഓസീസിനെതിരെ കളിച്ച യശ്വസി ജയ്സ്വാൾ, റിതുരാജ് ഗെയ്ക്ക്‌വാദ്,തിലക് വർമ്മ,റിങ്കു സിംഗ് ,ശ്രേയസ് അയ്യർ,ജിതേഷ് ശർമ്മ എന്നിവർക്കൊപ്പം ബാറ്റിംഗ് നിരയിലേക്ക് ശുഭ്മാൻ ഗിൽ തിരിച്ചെത്തും. ഒഴിവാക്കപ്പെട്ട അക്ഷർ പട്ടേലിന് പകരം പരിചയ സമ്പന്നനായ രവീന്ദ്ര ജഡേജ എത്തിയിട്ടുണ്ട്. ട്വന്റി-20 ഫോർമാറ്റിലെ ഒന്നാം റാങ്ക് ബൗളർ ആയിമാറിയ രവി ബിഷ്ണോയ്‌ക്കൊപ്പം കുൽദീപ് യാദവും ഉണ്ടാകും. പേസർമാരായി മുകേഷ് കുമാർ, അർഷ്ദീപ് സിംഗ്,മുഹമ്മദ് സിറാജ് എന്നിവരാണുള്ളത്.

എയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കൻ നിരയിൽ റീസ ഹെൻഡ്രിക്സ്,മാർക്കോ യാൻസെൻ,ജെറാൾഡ് കോറ്റ്സെ,തബാരേസ് ഷംസി,കേശവ് മഹാരാജ്,ഹെൻറിച്ച് ക്ളാസൻ, ഡേവിഡ് മില്ലർ തുടങ്ങിയ പരിചയസമ്പന്നർക്കൊപ്പം ബാർട്ട്മാൻ,നാൻഡ്രെ ബർഗർ,ലിസാഡ് വില്യംസ്,ബ്രീറ്റ്സ്കെ തുടങ്ങിയ യുവതാരങ്ങളുമുണ്ടാകും. അതേസമയം പരിക്കേറ്റ പേസർ ലുൻഗി എൻഗിഡി ട്വന്റി-20 പരമ്പരയിൽ നിന്ന് പിന്മാറിയിട്ടുണ്ട്. പകരം ബ്യൂറൻ ഹെൻഡ്രക്സിനെ ടീമിലെടുത്തിട്ടുണ്ട്.

ടീമുകൾ ഇവരിൽ നിന്ന്

ഇന്ത്യ

യശ്വസി ജയ്സ്വാൾ,ശുഭ്മാൻ ഗിൽ,റിതുരാജ് ഗെയ്ക്ക്‌വാദ്, തിലക് വർമ്മ,സൂര്യകുമാർ യാദവ് (ക്യാപ്ടൻ),റിങ്കു സിംഗ്,ശ്രേയസ് അയ്യർ,ഇഷാൻ കിഷൻ,ജിതേഷ് ശർമ്മ,ജഡേജ,വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്,കുൽദീപ് യാദവ്,സിറാജ്,അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ.

ദക്ഷിണാഫ്രിക്ക

എയ്ഡൻ മാർക്രം (ക്യാപ്ടൻ), ഒട്ട്നിയൽ ബാർട്ട്മാൻ, മാത്യു ബ്രീറ്റ്സ്‌കെ, നാൻഡ്രെ ബർഗർ, ജെറാൾഡ് കോറ്റ്സെ, ഡൊനോവൻ ഫെരേര, റീസ ഹെൻഡ്രിക്സ്, മാർക്കോ യാൻസെൻ, ഹെന്റിച്ച് ക്ലാസൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ആന്റിൽ പെഹ്‌ലുക്‌വായോ, തബാരേസ് ഷംസി, ട്രിസ്റ്റൺ സ്റ്റബ്‌സ്, ലിസാഡ് വില്യംസ്,ബ്യൂറൻ ഹെൻഡ്രിക്സ്.

ട്വന്റി-20 പരമ്പരയ്ക്ക് ശേഷം മൂന്ന് ഏകദിനങ്ങളുടെയും രണ്ട് ടെസ്റ്റുകളുടെയും പരമ്പരയും ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി കളിക്കുന്നുണ്ട്.