
ബാഴ്സലോണയെ 4-2ന് തോൽപ്പിച്ച് ജിറോണ സ്പാനിഷ് ലാ ലിഗയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു
ലാ ലിഗയിൽ ജിറോണ ബാഴ്സലോണയെ തോൽപ്പിക്കുന്നത് ഇതാദ്യം
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗയിലെ വമ്പന്മാരായ റയൽ മാഡ്രിഡിനെയും ബാഴ്സലോണയേയും അത്‌ലറ്റിക്കോ മാഡ്രിഡിനെയുമൊക്കെ മറികടന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് ജിറോണയെന്ന താരതമ്യേന കുഞ്ഞൻ ക്ളബ്. ലാ ലിഗയിൽ ഈ സീസണിൽ കളിച്ച 16 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുമായി വീണ്ടും ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഈ കാറ്റലോണിയൻ ക്ളബ്. സീസണിന്റെ തുടക്കത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന ജിറോണയെ പിന്നീട് റയൽ മാഡ്രിഡ് ഗോൾ മാർജിൻ മികവിൽ പിന്തള്ളിയെങ്കിലും കഴിഞ്ഞരാത്രി സാക്ഷാൽ ബാഴ്സലോണയെത്തന്നെ തോൽപ്പിച്ച് ജിറോണ ഒന്നാം സ്ഥാന വീണ്ടെടുക്കുകയായിരുന്നു. അതേസമയം റയൽ മാഡ്രിഡ് കഴിഞ്ഞ കളിയിൽ റയൽ ബെറ്റിസിനോട് 1-1ന് സമനിലയിൽ പിരിഞ്ഞതാണ് ജിറോണയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.
ബാഴ്സലോണയുടെ തട്ടകമായ ക്യാംപ് നൗവിൽ ചെന്ന് രണ്ടിനെതിരെ നാലുഗോളുകൾക്കാണ് ജിറോണ വിജയം നേടിയെടുത്തത്. 12-ാംമിനിട്ടിൽ ആർട്ടം ഡോബൈറ്റിലൂടെ ബാഴ്സയുടെ വലയിൽ പന്തെത്തിച്ച് ജിറോണ ഞെട്ടിച്ചു. 19-ാം മിനിട്ടിൽ റോബർട്ട് ലെവാൻഡോവ്‌സ്കിയിലൂടെ ബാഴ്സ സമനില പിടിച്ചു.എന്നാൽ 40-ാം മിനിട്ടിൽ മിഗ്വേൽ ഗുട്ടിറേസും 80-ാം മിനിട്ടിൽ വലേറി ഫെർണാണ്ടസും നേടിയ ഗോളുകൾ ജിറോണയെ 3-1ന് മുന്നിലെത്തിച്ചു. ഇൻജുറി ടൈമിന്റെ രണ്ടാം മിനിട്ടിൽ ഇക്കേ ഗുണ്ടോഗനിലൂടെ ഒരു ഗോൾ കൂടി തിരിച്ചടിച്ച് ബാഴ്സ തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും ഇൻജുറി ടൈമിന്റെ അഞ്ചാം മിനിട്ടിൽ ക്രിസ്റ്റ്യൻ സ്റ്റുവാനിയിലൂടെ നാലാം ഗോളും നേടി ജിറോണ വിജയം ആധികാരികമാക്കി മാറ്റി.
16 മത്സരങ്ങളിൽ 39 പോയിന്റുള്ള റയൽ മാഡ്രിഡാണ് ലാ ലിഗയിൽ രണ്ടാം സ്ഥാനത്ത്.15 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്. 16 കളികളിൽ നിന്ന് 34 പോയിന്റുള്ള ബാഴ്സ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
13
യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ടീമും ആദ്യം 40 പോയിന്റ് കടന്ന ടീമും ജിറോണയാണ്.
1
ആദ്യമായാണ് ജിറോണ ലാലിഗയിൽ ബാഴ്സയെ തോൽപ്പിക്കുന്നത്. ഇതിന് മുമ്പ് 2019ൽ കാറ്റലൂണിയൻ കപ്പിൽ ഒരു മത്സരത്തിൽ തോൽപ്പിച്ചിട്ടുണ്ട്.