
ഗാസയിൽ 18,000 കടന്ന് മരണം
ടെൽ അവീവ്: തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശേഷിക്കുന്ന ഒരൊറ്റ ബന്ദി പോലും ജീവനോടെ പുറത്തുകടക്കില്ലെന്ന ഹമാസിന്റ മുന്നറിയിപ്പിന് പിന്നാലെ ഗാസയിൽ വ്യാപക ബോംബാക്രമണം നടത്തി ഇസ്രയേൽ. മദ്ധ്യ ഗാസയിൽ മഘാസി അഭയാർത്ഥി ക്യാമ്പിൽ 23 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ ഗാസയിലെമ്പാടും 300 പേർ കൊല്ലപ്പെട്ടു. 137 ബന്ദികളാണ് ഗാസയിലുള്ളത്.
ഇതോടെ ഗാസയിൽ മരിച്ചവരുടെ എണ്ണം 18,000 കടന്നു. ഇസ്രയേൽ ജയിലുകളിലുള്ള പാലസ്തീനികളുടെ മോചനമടക്കമുള്ള ചർച്ചകൾ വേണമെന്നാണ് ഹമാസിന്റെ ആവശ്യം. എന്നാൽ, ഹമാസിന്റെ അന്ത്യം തുടങ്ങിക്കഴിഞ്ഞെന്നും നിരവധി തീവ്രവാദികൾ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു.
വെടിനിറുത്തൽ
സാദ്ധ്യത മങ്ങി
ഇസ്രയേൽ - ഗാസ വെടിനിറുത്തൽ സാദ്ധ്യതകൾ മങ്ങുന്നതായി മദ്ധ്യസ്ഥത വഹിക്കുന്ന ഖത്തർ അറിയിച്ചു. ഗാസയിൽ വെടിനിറുത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് യു.എൻ പൊതുസഭയിൽ വോട്ടിന് സമർപ്പിച്ചേക്കും. കഴിഞ്ഞാഴ്ച സുരക്ഷാ സമിതിയിൽ അവതരിപ്പിച്ച പ്രമേയം യു.എസ് വീറ്റോ ചെയ്തിരുന്നു.