
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടിയുമായി ചാടി വീണ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. പൊലീസിന്റെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ചയുണ്ടായെന്ന് ആരോപിച്ച് നടുറോഡില്‍ ക്ഷുഭിതനായിട്ടാണ് വിഷയത്തില്‍ ഗവര്‍ണര്‍ പ്രതികരിച്ചത്. ഇതാണോ ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന സുരക്ഷയെന്നും കായികമായി നേരിടാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സംഭവമെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരം നഗരത്തില്‍ ഗുണ്ടാരാജ് ആണ് നടപ്പിലാക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. തനിക്ക് നേരെ പ്രതിഷേധമെന്ന് പറഞ്ഞ് ചാടി വീണത് ക്രിമിനലുകളാണ്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഇതുപോലെ പ്രതിഷേധക്കാര്‍ക്ക് പോകാന്‍ കഴിയുമോ? താന്‍ സഞ്ചരിക്കുന്ന സ്ഥലത്തെക്കുറിച്ച് അറിഞ്ഞ ഗുണ്ടകള്‍ കാത്തിരിക്കുകയായിരുന്നു, ഇക്കാര്യം മനസ്സിലാക്കിയിട്ടും പൊലീസ് ഇടപെട്ടില്ല, ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്- ഗവര്‍ണര്‍ പറഞ്ഞു.
കായികമായി ആക്രമിക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നാണ് ഗവര്‍ണറുടെ ആരോപണം. തന്റെ വാഹനത്തിന്റെ ചില്ലില്‍ പ്രതിഷേധക്കാര്‍ അടിച്ചുവെന്നും ഇതോടെയാണ് താന്‍ പുറത്തേക്കിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ പുറത്തിറങ്ങിയപ്പോള്‍ ക്രിമിനലുകള്‍ ഓടിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം പേട്ട പള്ളിമുക്കിന് സമീപമാണ് അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്.