f

തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളും ഗുണ്ടകളുമാണെന്നും കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുന്നുവെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തന്നെ കൈയേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകിയെന്നും ഗവർണർ ആരോപിച്ചു മുഖ്യമന്ത്രി അറിയാതെ എന്റെ വാഹനത്തിന്റെ ഗ്ലാസിൽ ഇടിക്കാൻ പ്രതിഷേധക്കാർക്ക് എങ്ങനെ കഴിഞ്ഞു?​ ബ്ലഡി ക്രിമിനൽസ്,​ കാറിൽ വന്ന് അടിക്കുന്നതാണോ ജനാധിപത്യം. എനിക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഇങ്ങനെ ചീറി അടുത്താൽ എന്താകും സ്ഥിതി. മുഖ്യമന്ത്രിയാണ് ഇവരെ അയയ്ക്കുന്നത്. എന്നെ ശാരീരികമായി ഉപദ്രവിക്കാൻ ആണ് അവരുടെ ശ്രമം. തിരുവനന്തപുരത്തിന്റെ റോഡുകളിൽ നടക്കുന്നത് ഗുണ്ടാ ഭരണമാണ്. അത് അനുവദിക്കില്ല. ഇത്തരം ഗുണ്ടായിസങ്ങൾ അനുവദിക്കാനാകില്ലെന്നും ഗവർണർ പറഞ്ഞു.

സർവകലാശാലകളുമായി ബന്ധപ്പെട്ട ഗവർണറുടെ നിലപാടിനെതിരെയായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം. കഴിഞ്ഞ ദിവസം വഴുതക്കാട് വച്ചും എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചിരുന്നു.

ഇന്ന് വൈകിട്ട് 5.30ന് രാജ്‌ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു എസ്.എഫ്.ഐ,​ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഗവർണറുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിക്കുകയായിരുന്നു. ഇത് കണ്ട് ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു.