
ന്യൂഡല്‍ഹി: വ്യവസായാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ട്രക്കുകള്‍ക്കും ഡ്രൈവര്‍മാരുടെ ക്യാബിന്‍ ശീതീകരിച്ചതായിരിക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. 2025 ഒക്ടോബര്‍ മാസത്തോടെ എന്‍-2, എന്‍-3 ട്രക്കുകളില്‍ നിയമം നടപ്പിലാക്കാനാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നിര്‍ദേശം.
കടുത്ത വേനലില്‍ പോലും ദീര്‍ഘദൂരം വാഹനമോടിക്കേണ്ടിവരുന്ന ഡ്രൈവര്‍മാരുടെ കഷ്ടപ്പാട് കണക്കിലെടുത്ത് 2025 ജനുവരി ഒന്ന് മുതല്‍ നിയമം നിര്‍ബന്ധിതമാക്കാന്‍ സര്‍ക്കാര്‍ 2023 ജൂലായില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വാഹന നിര്‍മാണം, ഐഎസ്‌ഐ പരിശോധന എന്നിവ കഴിയുമ്പോള്‍ നിര്‍മാണചെലവ് കൂടുമെന്ന വാദമുയര്‍ത്തി എതിര്‍പ്പ് ശക്തമായിരുന്നു.
എന്നാല്‍ കടുത്ത ചൂടില്‍ വാഹനമോടിക്കുന്നത് അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് കണ്ടാണ് ഡ്രൈവര്‍മാര്‍ക്ക് സഹായകമായ നിര്‍ദേശം നടപ്പിലാക്കാന്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
റോഡ്‌സുരക്ഷ ഉറപ്പാക്കുന്നതില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അവരുടെ തൊഴിലന്തരീക്ഷം മെച്ചപ്പെട്ടതാക്കാനുള്ള സുപ്രധാന തീരുമാനമാണിതെന്നും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു. പുതിയ വ്യവസ്ഥ വരുന്നതോടെ എ.സി. കാബിനോടെ വേണം വാഹനനിര്‍മാതാക്കള്‍ ട്രക്കുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കാന്‍.
ചരക്ക് ഗതാഗത മേഖലയില്‍ പ്രധാന പങ്കുവഹിക്കുന്ന ട്രക്കുകളിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ദേശം നടപ്പാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കാലാവസ്ഥ വ്യതിയാനവും വിശ്രമകേന്ദ്രങ്ങളുടെ അഭാവവും മൂലം വലിയ ബുദ്ധിമുട്ടുകളാണ് ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്നതെന്ന് വിലയിരുത്തിയാണ് ഈ തിരുമാനം.