
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ നവംബര്‍ മാസത്തിലെ പുരുഷ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഓസ്‌ട്രേലിയയുടെ ലോകകപ്പ് താരം ട്രാവിസ് ഹെഡ് കരസ്ഥമാക്കി. ലോകകപ്പ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് ഹെഡ് ആയിരുന്നു. ലോകകപ്പിലെ മിന്നും പ്രകടനമാണ് താരത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ഫൈനല്‍ മത്സരത്തില്‍ തുടക്കത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഓസീസിനെ സെഞ്ച്വറി നേട്ടത്തോടെയാണ് ഹെഡ് ആറാം തവണ ലോകചാമ്പ്യന്‍മാരാക്കിയത്. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓസ്‌ട്രേലിയയുടെ തന്നെ ഗ്ലെന്‍ മാക്‌സ്‌വെല്‍, ഇന്ത്യയുടെ മുഹമ്മദ് ഷമി എന്നിവരെ പിന്തള്ളിയാണ് ട്രാവിസ് ഹെഡ് പുരസ്‌കാരം സ്വന്തം പേരിലാക്കിയത്.
ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ക്ക് മുമ്പ് പരിക്കേറ്റ് കളത്തിന് പുറത്തായിരുന്നിട്ടും ഹെഡിനെ നാട്ടിലേക്ക് മടക്കി അയക്കാതെ ടീമില്‍ ഇടം നല്‍കിയിരുന്നു ഓസ്‌ട്രേലിയന്‍ മാനേജ്‌മെന്റ്. ഈ വര്‍ഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചപ്പോഴും ഹെഡ് ആയിരുന്നു കളിയിലെ താരം.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമി ഫൈനലില്‍ അര്‍ദ്ധ സെഞ്ച്വറിയും നിര്‍ണായകമായ രണ്ട് വിക്കറ്റും വീഴ്ത്തി ഓസീസിനെ കലാശപ്പോരിന് യോഗ്യരാക്കുന്നതിലും താരത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. അതോടൊപ്പം തന്നെ ഫൈനലില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ പുറത്താക്കാന്‍ ഒരു തകര്‍പ്പന്‍ ക്യാച്ചും ഹെഡ് കൈപ്പിടിയിലാക്കിയിരുന്നു.