
ചെന്നൈ: ഇന്ത്യന്‍ റെയില്‍വേയുടെ മുഖംമാറ്റിയ, ഇന്ത്യയിലെ ട്രെയിന്‍ യാത്രാ അനുഭവം തന്നെ മാറ്റിമറിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ ഉള്‍പ്പെടെ വന്‍ ഹിറ്റാണ്. വേഗതയും ഒപ്പം യാത്രയില്‍ ലഭിക്കുന്ന സൗകര്യങ്ങളുമാണ് വന്ദേഭാരതിനെ ജനപ്രിയമാക്കിയത്.
വന്ദേഭാരത് ട്രെയിന്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. നൂറ് ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് വയ്ക്കുമ്പോള്‍ കേരളത്തില്‍ ശരാശരി 170-180 വരെയാണ് ആവശ്യക്കാര്‍. ഇത്രയേറെ സൗകര്യങ്ങളുള്ളതിനാല്‍തന്നെ സ്വാഭാവികമായും മറ്റ് ട്രെയിനുകളേക്കാള്‍ ടിക്കറ്റ് നിരക്ക് കൂടുതലാണ് വന്ദേഭാരതിന്.
എത്ര രൂപ ചിലവ് വരും ഒരു വന്ദേഭാരത് ട്രെയിന്‍ നിര്‍മിക്കാന്‍ എന്നത് എല്ലാ യാത്രക്കാരുടേയും സംശയമാണ്. ഇപ്പോഴിതാ സംശയത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി. ഒരു വന്ദേഭാരത് ട്രെയിന്‍ നിര്‍മാണത്തിന് 100 കോടി രൂപയില്‍ അധികമാണ് ചെലവ്.
ട്രെയിനിന്റെ ചെലവ് എത്രയാണെന്നാണു ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയോടു വിവരാവകാശ നിയമപ്രകാരം പേരാവല്ലൂര്‍ സ്വദേശി കെ.വി.രമേഷ് ചോദിച്ചത്. 104.35 കോടി രൂപയാണു ചെലവെന്നാണ് ഔദ്യോഗിക മറുപടി.
8 മോട്ടര്‍ കോച്ചുകള്‍, 2 ഡ്രൈവിങ് ട്രെയിലര്‍ കോച്ചുകള്‍, 2 നോണ്‍ ഡ്രൈവിങ് ട്രെയിലര്‍ കോച്ചുകള്‍, 4 ട്രെയിലര്‍ കോച്ചുകള്‍ എന്നിവയുള്‍പ്പെട്ട 16 കോച്ചുകള്‍ വീതമുള്ള ഒരു ട്രെയിനിന്റെ നിര്‍മാണ ചെലവാണ് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി പുറത്തുവിട്ടത്.