pic

മോസ്കോ : റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ മോസ്കോയ്ക്ക് കിഴക്കുള്ള വ്ലാഡിമിറിലെ ജയിലിൽ നിന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് റിപ്പോർട്ട്.

കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നവാൽനിയെ ബന്ധപ്പെടാനായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. നവാൽനിയെ രാജ്യത്തെ മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റിയെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും അനുയായികൾ പറയുന്നു. വരുന്ന മാർച്ച് 15 മുതൽ 17 വരെ നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അഞ്ചാം തവണയും മത്സരത്തിന് തയാറെടുക്കവെയാണ് നീക്കം.

പുട്ടിന്റെ വിമർശകനായ 47 കാരനായ നവാൽനി തീവ്രവാദം, അഴിമതി, വഞ്ചന തുടങ്ങിയ ആരോപണങ്ങളിൽ 30 വർഷത്തിലേറെ തടവ് അനുഭവിക്കുകയാണ്. 2020ൽ വധശ്രമത്തെ അതിജീവിച്ച നവാൽനി 2021 മുതൽ ജയിലിലാണ്.