pic

ലണ്ടൻ : 191ാം പിറന്നാൾ ആഘോഷിച്ച് തെക്കൻ അറ്റ്‌ലാൻഡിക് സമുദ്രത്തിലെ സെന്റ് ഹെലെന ദ്വീപിൽ ജീവിക്കുന്ന ഭീമൻ ആമയായ ജോനാഥൻ. ഇന്ന് കരയിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ ജീവി ജോനാഥൻ ആണെന്ന് കരുതുന്നു. ഡിസംബർ 4നായിരുന്നു ജോനാഥന്റെ പിറന്നാൾ ആഘോഷങ്ങൾ.

സെന്റെ ഹെലെന ഗവർണറുടെ ഔദ്യോഗിക വസതി പരിസരത്താണ് ജോനാഥന്റെ വാസം. ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബൊണപ്പാർട്ട് തന്റെ അവസാന ദിനങ്ങൾ ചെലവഴിച്ച സ്ഥലമാണ് സെന്റ് ഹെലെന. വാട്ടർലൂ യുദ്ധത്തിൽ പരാജയപ്പെട്ട് സെന്റ് ഹെലെനയിലേക്ക് നാടുകടത്തപ്പെട്ട നെപ്പോളിയൻ 1821ലാണ് അന്തരിച്ചത്.

1832ൽ കിഴക്കേ ആഫ്രിക്കൻ രാജ്യമായ സെയ്‌ഷെൽസിലാണ് ജോനാഥന്റെ ജനനം എന്നാണ് കരുതുന്നത്. ജനിച്ച് ഏകദേശം 50 വർഷങ്ങൾ കഴിഞ്ഞാണ് ജോനാഥാനെ സെയ്‌ഷെൽസിൽ നിന്ന് ബ്രിട്ടന്റെ അധീനതയിലുള്ള സെന്റ് ഹെലെനയിലേക്ക് എത്തിച്ചത്. അതേ സമയം, ജോനാഥൻ 1832ന് മുമ്പേ ജനിച്ചിരിക്കാമെന്ന് വാദിക്കുന്നവരുമുണ്ട്.

കഴിഞ്ഞ വർഷമാണ് കരയിൽ ജീവിക്കുന്നതിലെ ഏറ്റവും പ്രായം കൂടിയ ജീവിയെന്ന ഗിന്നസ് അംഗീകാരം ജോനാഥന് സ്വന്തമായത്. ഏറ്റവും കൂടുതൽ കാലം ജീവിച്ച ആമ എന്ന റെക്കോഡും ജോനാഥന്റെ പേരിലാണ്. ഗന്ധം തിരിച്ചറിയുന്നതിലും കാഴ്ചയിലും ശക്തി ക്ഷയിച്ചതൊഴിച്ചാൽ ജോനാഥൻ ഇപ്പോഴും ആരോഗ്യവാനാണെന്ന് ഡോക്ടർമാർ പറയുന്നു.

കാബേജ്, വെള്ളരി, കാരറ്റ്, ലെറ്റ്യൂസ്,​ ആപ്പിൾ,​ വാഴപ്പഴം തുടങ്ങിയവയാണ് ജോനാഥന്റെ ഇഷ്ട ഭക്ഷണം. 8 ബ്രിട്ടീഷ് ഭരണാധികാരികളും 40 യു.എസ് പ്രസിഡന്റുമാരുമാണ് ജോനാഥന്റെ ജീവിതകാലയളവിനിടെ അധികാരത്തിലിരുന്നത്.

രണ്ട് ലോകമഹായുദ്ധങ്ങൾ, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉയർച്ചയും താഴ്ചയും, സ്പാനിഷ് ഫ്ലൂവും കൊവിഡും അടക്കം മഹാമാരികൾ, തുടങ്ങി ലോക ചരിത്രത്തിലെ നിർണായക സംഭവങ്ങൾ അരങ്ങേറുമ്പോൾ ജോനാഥൻ ഭൂമുഖത്ത് ചുറ്റിത്തിരിയുകയായിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.