
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞുനിർത്തി പ്രതിഷേധിച്ച സംഭവത്തിൽ പ്രതിഷേധകാർക്കെതിരെ പൊലീസ് തയ്യാറാക്കിയത് ദുർബല വകുപ്പുകൾ ചുമത്തിയുളള എഫ്ഐആറെന്ന് ആരോപണം. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് മാത്രം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്.
നവകേള സദസ്സിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരേ വധശ്രമത്തിനടക്കം കേസെടുത്ത പൊലീസ് ഗവർണർക്കെതിരായ പ്രതിഷേധം വരുമ്പോൾ രാഷ്ട്രീയം കളിക്കുന്നു എന്നാണ് ആരോപണം. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ നഗരത്തിലെ കന്റോൺമെന്റ് പൊലീസ് ഏഴ് എസ്എഫ്ഐ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ അഞ്ചോളം പ്രവർത്തകരെ ജാമ്യം നൽകി വിട്ടയച്ചു.അറസ്റ്റിലായിരിക്കുന്ന ഏഴ് പ്രവർത്തകരും പാളയം ഭാഗത്തുവെച്ച് ഗവർണറുടെ വാഹനം തടഞ്ഞു എന്നാണ് കുറ്റം.
പ്രകടനം നിരോധിച്ചിട്ടുള്ള റോഡിൽ കൂടി പ്രവർത്തകർ ഒന്നിച്ചെത്തി ഗവർണറുടെ വാഹനം തടയുകയും കരിങ്കൊടി വീശിക്കാണിക്കുകയും ചെയ്തിരുന്നു. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയിരിക്കുന്നു എന്നാണ് എഫ്ഐആറിൽ പരാമർശിച്ചിട്ടുളളത്.
അതേസമയം, ഗവർണർക്കെതിരെ പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ എസ്എഫ്ഐയെ പിന്തുണച്ച് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, പി രാജീവ്, എ കെ ശശീന്ദ്രൻ തുടങ്ങിയവർ രംഗത്തെത്തി.
ക്യാംപസിലെ കാവിവൽക്കരണത്തെ ചെറുക്കുകയാണ് എസ്എഫ്ഐ പ്രവർത്തകർ ചെയ്യുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. എസ്എഫ്ഐയെപ്പോലെ ഇതിനെ ചെറുക്കേണ്ട ഉത്തരവാദിത്വതം പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെഎസ്‌യുവിനുമുണ്ട്. പ്രതിഷേധിച്ച എസ്എഫ്ഐയ്ക്ക് ഷേക്ക് ഹാൻഡ് നൽകുകയാണ് വേണ്ടതെന്നും മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
ആരിഫ് മുഹമ്മദ് ഖാൻ കാറിന് പുറത്തിങ്ങാൻ പാടുണ്ടോയെന്ന് മന്ത്രി പി രാജീവ് ചോദിച്ചു. എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയപ്പോൾ ഗവർണർ വാഹനത്തിനു പുറത്തിറങ്ങിയതിനെ മന്ത്രി വിമർശിച്ചു. ‘‘ഗവർണർക്കെതിരെയുളള സമരവും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും ഒരേ തട്ടിലുളളതല്ല. എസ്എഫ്ഐയുടെ സമരം ഏത് തരത്തിലുള്ളതാണെന്ന് റിപ്പോർട്ട് കിട്ടിയാൽ മാത്രമേ പറയാനാകൂ. ഗവർണർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമായിരുന്നു. വാഹനത്തിന് പുറത്തിറങ്ങാൻ പാടുണ്ടോ? മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവർ പ്രവർത്തിക്കേണ്ടത്. ഗവർണറുടെ ഭാഗത്തുനിന്നും കഴിഞ്ഞ ദിവസം അതുണ്ടായില്ല. വീഴ്ചയുണ്ടോ ഇല്ലയോ എന്നുള്ളത് റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമാകൂ. മുഖ്യമന്ത്രിക്കെതിരെയുള്ള സമരങ്ങൾ പ്രഖ്യാപനം നൽകാതെ നടത്തുന്നതാണ്. കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ടോ? പ്രഖ്യാപിച്ച് നടത്തുന്ന സമരങ്ങൾ ജനാധിപത്യ രീതിയിലുള്ളതാണ്. പ്രഖ്യാപനം നടത്താതെ ഒളിഞ്ഞുനിന്ന് ചാടുന്നതാണ് പ്രതിപക്ഷം നടത്തുന്നത്’’– പി രാജീവ് പറഞ്ഞു.
ഗവർണർ ഹീറോ ആകാൻ ശ്രമിക്കുന്നുവെന്നും മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. 'ഗവർണർ തരംതാണ ഒരു ആർഎസ്എസുകാരനെ പോലെ പ്രവർത്തിക്കുകയാണ്. കരിങ്കൊടി കാണിച്ചപ്പോൾ അദ്ദേഹം കാറിൽ നിന്ന് ഇറങ്ങിവന്ന് ഗുണ്ടകളെ പോലെ പെരുമാറി. അദ്ദേഹം വന്നിട്ട് വഴക്കു പറയുന്നതല്ലേ കണ്ടത്. പൊലീസ് എന്താ ചെയ്യുന്നത് എന്നല്ലേ അദ്ദേഹം നോക്കേണ്ടത്. സംരക്ഷിക്കാൻ പൊലീസിന്റെ സന്നാഹം അവിടെ ഉണ്ടല്ലോ. അവരുടെ ഭാഗത്തു വീഴ്ചയുണ്ടായാൽ സർക്കാരിനെ കുറ്റം പറയാം. മുഖ്യമന്ത്രി പറഞ്ഞയച്ചു എന്നു പറഞ്ഞാൽ അദ്ദേഹത്തിന് അങ്ങനെ പതിവുണ്ടോ. ഇത് പ്രഖ്യാപിച്ച ഒരു സമരമല്ലേ. രഹസ്യമായിട്ട് ആളുകളെ പറഞ്ഞയയ്‌ക്കേണ്ട കാര്യമെന്താ. നവകേരള യാത്രയ്‌ക്കെതിരെ നടക്കുന്നതു പോലെ അപ്രഖ്യാപിത സമരമല്ല.'-എ കെ ശശീന്ദ്രൻ പറഞ്ഞു. അതേസമയം, തലസ്ഥാനത്ത് ഗവർണർക്ക് നേരെയുണ്ടായത് എസ്എഫ്ഐ പ്രതിഷേധമല്ല, ആക്രമണമാണെന്ന് രാജ്ഭവൻ പ്രതികരിച്ചു.